കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍; ക്വാറന്‍റീനില്‍ ഇളവ്

By Web TeamFirst Published May 19, 2021, 11:22 PM IST
Highlights

സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്‌സ്ഫോര്‍ഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെര്‍ണ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസുകളും ജോണ്‍സന്‍ വാക്‌സിന്റെ ഒറ്റ ഡോസും എടുത്തവരാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

റിയാദ്: സൗദി അറേബ്യയിലെത്തുന്ന കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. വാക്‌സിന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയ വിദേശ യാത്രക്കാര്‍ യാത്രക്ക് മുമ്പായി  വാക്‌സിന്‍ പൂര്‍ത്തിയാക്കിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. https://muqeem.sa/#/vaccine-registration/home എന്ന 'മുഖീം' പോര്‍ട്ടലിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്‌സ്ഫോര്‍ഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെര്‍ണ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസുകളും ജോണ്‍സന്‍ വാക്‌സിന്റെ ഒറ്റ ഡോസും എടുത്തവരാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതല്ലാത്ത മറ്റു വാക്‌സിനുകള്‍ എടുത്തവരുടെ രജിസ്ട്രേഷന്‍ സ്വീകരിക്കില്ല. യാത്രക്ക് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇങ്ങിനെ രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാളെ മുതല്‍ സൗദിയില്‍ നടപ്പാക്കുന്ന ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ (ഹോട്ടല്‍ വാസം) ആവശ്യമില്ല. നാളെ മുതല്‍ രാജ്യത്തെത്തുന്ന വിദേശികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ (ഹോട്ടല്‍ വാസം) നിര്‍ബന്ധമായിരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് പുതിയ രജിസ്ട്രേഷന്‍ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ സ്വദേശികള്‍, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴില്‍ വിസയുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാന ജോലിക്കാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികള്‍ കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!