നാനൂറിലധികം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ഒരാള്‍ മാത്രം; വിലക്കിനിടെ യുഎഇയിലേക്ക് പറന്ന് മലയാളി

By Web TeamFirst Published May 28, 2021, 3:17 PM IST
Highlights

എങ്ങനെ അനുമതി കിട്ടിയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച ആളാണെന്നും ഗോള്‍ഡ് വിസ ഉള്ളവര്‍ക്ക് ദുബായിലേക്ക് ഇപ്പോഴും യാത്ര ചെയ്യാം എന്ന കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുബൈ: യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് യാത്രചെയ്യുന്നതിന് വിലക്ക് നിലനില്‍ക്കുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായി മലയാളി ദുബൈയിലെത്തി. ഏകദേശം 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്റ്‌സിന്റെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-300 ഫ്‌ലൈറ്റിലാണ് യാസീനുല്‍ കുന്നത്താടി ദുബൈയിലേക്ക് പറന്നത്. ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയതാണ് ഇദ്ദേഹത്തിന്റെ അപൂര്‍വ്വ യാത്രയ്ക്ക് കാരണമായത്. 

'ഇങ്ങനെ ഒറ്റക്കൊരു യാത്രക്കാരനായി യാത്ര ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സിഐഎസ്എഫ് സെക്യൂരിറ്റിയില്‍ നിന്നാണ് ഞാന്‍ മാത്രമാണ് യാത്രക്കാരന്‍ എന്ന് മനസ്സിലായത്. സത്യത്തില്‍ അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു ഇയാള്‍ എങ്ങനെ എത്തിപ്പെട്ടു എന്നുള്ളത്. എന്നാല്‍ എന്റെ അത്ഭുതം  ഞാനെങ്ങനെ ഒറ്റക്കായി എന്നുള്ളതായിരുന്നു'- യാസീനുല്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്നും ഇന്നലെ ദുബൈയിലെത്തിയ എമിറേറ്റ്സ് വിമാനത്തില്‍ യാസീനുലിനൊപ്പം എട്ടോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എങ്ങനെ അനുമതി കിട്ടിയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച ആളാണെന്നും ഗോള്‍ഡ് വിസ ഉള്ളവര്‍ക്ക് ദുബായിലേക്ക് ഇപ്പോഴും യാത്ര ചെയ്യാം എന്ന കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ക്രൂ മെമ്പേഴ്‌സിന് പോലും കാര്യങ്ങളൊന്നും അറിയില്ല. വല്ലപ്പോഴുമാണ് അവര്‍ക്കുതന്നെ ഡ്യൂട്ടി ഉള്ളത്. തിരിച്ചു പോകുന്നത് കാര്‍ഗോ ഫ്‌ലൈറ്റ് ആയിട്ടാണ് മിക്കവാറും. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും അറിയില്ലായിരുന്നു ഇതൊരു പാസഞ്ചര്‍ ഫ്‌ലൈറ്റ് ആയി തന്നെയാണ് തിരിച്ചു പോകുന്നത് എന്നുള്ളത്. ഒരാള്‍ക്ക് വേണ്ടിയാണെങ്കിലും നിയമങ്ങളെല്ലാം ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പോലെതന്നെ പാലിക്കണം. വിമാനം ഇറങ്ങി കാര്‍ വരെ അവര്‍ എന്നെ അനുഗമിച്ചു'-  ബിസിനസ് ക്ലാസിലെ രാജകീയ യാത്രയെ കുറിച്ച് യാസീനുല്‍ വിവരിച്ചു. യാത്രകള്‍ തന്‍റെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും മുന്നില്‍പ്പെടാറുണ്ടെന്നും യാസീനുല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!