ദുബൈ എക്സ്പോയുടെ രണ്ടാം വാരം ഒഴുകിയെത്തിയത് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍

By Web TeamFirst Published Oct 18, 2021, 2:26 PM IST
Highlights

നാല് ചതുരശ്ര കിലോമീറ്റരില്‍ പരന്നുകിടക്കുന്ന എക്സ്പോ വേദിയില്‍ ഇക്കഴിഞ്ഞ ഒരാഴ്‍ച മാത്രം 181 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെത്തി. 

ദുബൈ: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ (Dubai Expo 2020) രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 7,71,477 പേരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി എക്സ്പോ കാണാനെത്തിയത് (ticketed visits). തിങ്കളാഴ്‍ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

നാല് ചതുരശ്ര കിലോമീറ്റരില്‍ പരന്നുകിടക്കുന്ന എക്സ്പോ വേദിയില്‍ ഇക്കഴിഞ്ഞ ഒരാഴ്‍ച മാത്രം 181 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒരാഴ്‍ച കൊണ്ട് 12 ശതമാനം വര്‍ദ്ധനവുണ്ടായി. കാണാനെത്തുന്നവരില്‍ പകുതിയോളം പേരും പല തവണ എക്സ്പോ വേദിയിലെത്താനുള്ള സീസണ്‍ പാസ് വാങ്ങിയവരാണ്. ഒരു ലക്ഷത്തിലധികം പേരും രണ്ടാം തവണ എക്സ്പോ വേദിയിലെത്തിയവരുമായിരുന്നു. 35,000 പേരാണ് മൂന്നാമത്തെ സന്ദര്‍ശനത്തിനെത്തിയത്. 

എക്സ്പോ തുടങ്ങി ആദ്യ 10 ദിവസത്തിനുള്ളില്‍ തന്നെ 4,11,768 പേരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി സന്ദര്‍ശനത്തിനെത്തിയത്. സംഘാടകരും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരും ക്ഷണിതാക്കളും ഒഴികെയുള്ളവരുടെ കണക്കാണിത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളും കൂട്ടമായി എക്സ്പോ വേദിയിലെത്തിത്തുടങ്ങുന്നതായി സംഘാടകര്‍ അറിയിച്ചു. 

click me!