പെരുമഴയത്ത് തണുത്ത് വിറച്ചുനിന്നയാളെ 'സഹായിച്ചു'; സൗദിയില്‍ ഇന്ത്യക്കാരന്‍ നഷ്ടമായത് മാസങ്ങളുടെ സമ്പാദ്യം

By Web TeamFirst Published Jan 7, 2020, 5:52 PM IST
Highlights

തന്റെ താമസസ്ഥലത്തിന് സമീപമുള്ള ഒരു വരാന്തയിൽ ഒരു പാകിസ്താനി തണുത്ത് വിറച്ച് നിൽക്കുന്നത് കണ്ടപ്പോൾ മുമ്പ് കണ്ട് പരിചയമുള്ളതിനാൽ അടുത്ത് ചെന്ന് കുശലമന്വേഷിച്ചതാണ്. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു അയാൾ കരയാൻ തുടങ്ങി. 

റിയാദ്: തോരാതെ പെയ്ത മഴയിൽ നനഞ്ഞ് തണുത്ത് വിറച്ച് നിന്നയാൾക്ക് മനഃസാക്ഷിയുടെ പേരിൽ ഭക്ഷണം വാങ്ങി നൽകിയ തമിഴ്നാട്ടുകാരന് നഷ്ടമായത് മാസങ്ങളായി കൂട്ടിവെച്ച സമ്പാദ്യം. ദമ്മാമിൽ പാരഗൺ റസ്റ്റോറന്റിന് സമീപം താമസിക്കുന്ന പ്രദീപിനാണ് ദുരനുഭവം. ഖുദരിയയിലെ വർക്ക്ഷോപ്പിൽ സ്റ്റീൽ ഫാബ്രിക്കേറ്ററാണ് പ്രദീപ്. 

ഞായറാഴ്ച പെയ്ത മഴയത്തായിരുന്നു സംഭവം. തന്റെ താമസസ്ഥലത്തിന് സമീപമുള്ള ഒരു വരാന്തയിൽ ഒരു പാകിസ്താനി തണുത്ത് വിറച്ച് നിൽക്കുന്നത് കണ്ടപ്പോൾ മുമ്പ് കണ്ട് പരിചയമുള്ളതിനാൽ അടുത്ത് ചെന്ന് കുശലമന്വേഷിച്ചതാണ്. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു അയാൾ കരയാൻ തുടങ്ങി. വരൂ ഭക്ഷണം വാങ്ങിത്തരാം എന്ന് പറഞ്ഞപ്പോൾ ക്ഷീണിതനാണെന്നും ഒരടിപോലും നടക്കാനാവുന്നില്ലെന്നുമായി പാകിസ്താനി. സാധിക്കുമെങ്കിൽ ഭക്ഷണം വാങ്ങി കൊണ്ടുതരുമോ, കാത്തുനിൽക്കാം എന്നും അയാൾ പറഞ്ഞു. 

മഴയത്ത് നിൽക്കണ്ട, തന്റെ മുറിയിൽ കയറിയിരുന്നോളൂ എന്ന് പറഞ്ഞ് പ്രദീപ് ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങി വന്നു. ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അത് പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ പാകിസ്താനി ഫോണെടുത്ത് തന്റെ സ്പോൺസർ വിളിക്കുന്നു എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. സംശയമൊന്നും തോന്നാതിരുന്ന പ്രദീപിന് വിശന്നു വലഞ്ഞ ഒരാൾക്ക് ഭക്ഷണം നൽകിയ സംതൃപ്തിയായിരുന്നു. വൈകീട്ട് പണം വെച്ച ബാഗ് യാദൃശ്ചികമായി നോക്കിയപ്പോഴാണ് അതിലുണ്ടായിരുന്ന 15,000 റിയാൽ നഷ്ടപ്പെട്ടെന്ന് മനസിലായത്. ഉടൻ പുറത്തിറങ്ങി തെരഞ്ഞെങ്കിലും പാകിസ്താനിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അയാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

 

click me!