സ്കൂൾ ഫീസ് വർദ്ധനവിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസി രക്ഷിതാക്കൾ

By Web TeamFirst Published Apr 3, 2019, 11:54 AM IST
Highlights

ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള, വാദികബീർ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ  രക്ഷകർത്താക്കൾ കഴിഞ്ഞ ദിവസം പ്രവൃത്തി ദിനമായിരുന്നിട്ടുകൂടി രാവിലെ മുതൽ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. 

മസ്കത്ത്: പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ഫീസ് വർധനവിൽ പ്രതിഷേധവുമായി രക്ഷകർത്താക്കൾ സ്കൂൾ വളപ്പിൽ. വാദി കബീർ ഇന്ത്യൻ സ്കൂളിലെ അഞ്ഞൂറിലധികം രക്ഷാകർത്താക്കളാണ് പരാതിയുമായി പ്രിൻസിപ്പലിനെ സമീപിച്ചത് . നിലവിലെ സാഹചര്യത്തിൽ ഫീസ് വർദ്ധനവ് അനിവാര്യമാണെന്ന് പ്രിൻസിപ്പൽ ഡി.എൻ .റാവു പറഞ്ഞു.

ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള, വാദികബീർ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ  രക്ഷകർത്താക്കൾ കഴിഞ്ഞ ദിവസം പ്രവൃത്തി ദിനമായിരുന്നിട്ടുകൂടി രാവിലെ മുതൽ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു.  മുൻ വര്‍ഷങ്ങളേക്കാൾ 34 ഒമാനി റിയാലിന്റെ വർദ്ധനവാണ് വാദി കബീർ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് ഈ വർഷത്തെ ഫീസിൽ ചുമത്തിയിരിക്കുന്നത് . 

ട്യൂഷൻ ഫീസ് ഇനത്തിൽ മാസം രണ്ടു ഒമാനി റിയൽ വീതവും കലാ-സാംസ്കാരിക വിനോദ ഉപാധികൾക്കായി വർഷത്തിൽ 10 ഒമാനി റിയലുമായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത് . വിപണിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്നത് മൂലം തൊഴിലുടമകൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ വർദ്ധനവ് ഒരിക്കലും അംഗകരിക്കാൻ സാധിക്കുകയില്ലെന്നാണ് രക്ഷകർത്താക്കളുടെ നിലപാട് .

എന്നാൽ സ്കൂളിന്റെ നടത്തിപ്പിന് ഫീസ് വർദ്ധനവ് അനിവാര്യമാണെന്ന് പ്രിൻസിപ്പൽ. ഡി.എൻ റാവു വ്യക്തമാക്കുകയും ചെയ്തു .

click me!