
ലണ്ടൻ: വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛര്‍ദ്ദിച്ചതായി യാത്രക്കാരന്‍റെ പരാതി. ബ്രിട്ടീഷുകാരനായ കാമറോൺ കാലഗനെന്ന 27കാരനാണ് പരാതി ഉന്നയിച്ചത്. ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് സംഭവം ഉണ്ടായതെന്നാണ് ഇയാള്‍ പറയുന്നത്. ഇത്തിഹാദ് എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണമാണ് കാരണമെന്ന് ഇയാള്‍ ആരോപിക്കുന്നു.
ഇത്തിഹാദിന്‍റെ വിമാനത്തിൽ ആറ് മണിക്കൂര്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ സംഭവം. ജനുവരിയിലാണ് കാമറോൺ വിമാനയാത്ര നടത്തിയത്. തനിക്ക് ലഭിച്ച ടൊമാറ്റോ ചീസി ചിക്കൻ പാസ്തയാണ് ഭക്ഷ്യവിഷബാധയേറ്റതിന് കാരണമെന്ന് യുവാവ് ആരോപിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യാത്ര തുടങ്ങുന്നതിന് മുമ്പ് ഇയാള്‍ ഒരു എഗ് സാന്‍വിച്ചും കഴിച്ചിരുന്നു. വിമാനം 5 മണിക്കൂര്‍ വൈകിയതോടെ എയര്‍ലൈന്‍ നല്‍കിയ പാസ്ത കഴിക്കുകയായിരുന്നു. മറ്റ് യാത്രക്കാരും ഇതേ ഭക്ഷണം കഴിച്ചു. തനിക്ക് തന്ന പാസ്തയ്ക്ക് ദുർഗന്ധം ഉണ്ടായിരുന്നെന്നും വിമാനം വൈകിയതിനാല്‍ ഈ ഭക്ഷണം ശരിയായി സൂക്ഷിച്ചിരുന്നില്ലെന്നുമാണ് യുവാവ് ആരോപിക്കുന്നത്. പാസ്ത കഴിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടെന്നും രണ്ട് തവണ വയറിളക്കം ഉണ്ടായെന്നും ഇയാള്‍ പറയുന്നു. പിന്നീട് ഇടക്കിടെ ഛര്‍ദ്ദിച്ചു. ആറ് മണിക്കൂര്‍ യാത്രക്കിടെ ഏകദേശം 30 തവണ ഇത്തരത്തില്‍ ഛര്‍ദ്ദിച്ചെന്നും ഇയാള്‍ പറയുന്നു. തുടര്‍ച്ചയായി ഛര്‍ദ്ദിച്ചത് മൂലം അബുദാബിയിലെത്തിയപ്പോഴേക്കും ക്ഷീണിച്ച് അവശനായിരുന്നെന്നും ഇയാള്‍ പറയുന്നു. അബുദാബി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വീല്‍ചെയര്‍ സഹായത്തിലാണ് മെഡിക്കല്‍ റൂമിലെത്തിയത്. തുടര്‍ന്ന് ചികിത്സ ലഭിച്ചതായും ഇയാള്‍ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ഇത്തിഹാദ് എയര്‍ലൈന്‍ പ്രതികരിച്ചിട്ടുണ്ട്. കാലഗന്‍റെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം തങ്ങള്‍ നല്‍കിയ ഭക്ഷണമല്ലെന്ന് ഇത്തിഹാദ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും തങ്ങള്‍ ഗൗരവത്തില്‍ എടുക്കാറുണ്ടെന്നും കര്‍ശന അന്വേഷണം നടത്താറുണ്ടെന്നും വിമാന കമ്പനി വ്യക്തമാക്കി. ഈ വിമാനത്തിലും, തങ്ങളുടെ മറ്റ് എല്ലാ വിമാനങ്ങളിലേത് പോലെ തന്നെ ശരിയായ താപനിലയില്‍ തയ്യാറാക്കി സൂക്ഷിക്കുന്ന ഭക്ഷണമാണ് നല്‍കിയതെന്നും എല്ലാ സുരക്ഷാ നിലവാരവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു.
ഇതേ വിമാനത്തിലെ മറ്റ് യാത്രക്കാരില്‍ നിന്ന് ഇത്തരത്തില്‍ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. തങ്ങളുടെ പ്രഥമ പരിഗണന എപ്പോഴും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരൾക്കും ക്ഷേമത്തിനുമാണെന്ന് വിമാന കമ്പനി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ