ഒമാനിലെത്തുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ക്വാറന്‍റീന്‍; ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

By Web TeamFirst Published Feb 11, 2021, 7:14 PM IST
Highlights

ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ രാജ്യത്തെത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുന്നതിനായി ഹോട്ടലുകളില്‍ മുന്‍കൂട്ടി  ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

മസ്കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഏത് ഹോട്ടലില്‍ വേണമെങ്കിലും നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയാമെന്നും അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കിയ പട്ടികയില്‍പ്പെട്ട ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഈ തീരുമാനം ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ രാജ്യത്തേക്കെത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്തെത്തുന്ന യാത്രക്കാര്‍ ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കുറഞ്ഞത് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ രാജ്യത്തെത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുന്നതിനായി ഹോട്ടലുകളില്‍ മുന്‍കൂട്ടി  ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചിരുന്നു. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്.  

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ഷെരാറ്റണ്‍ ഹോട്ടല്‍, ഇബിസ്, സ്വിസ്-ബെലിന്‍ മസ്‌കറ്റ്, സോമര്‍സെറ്റ് പനോരമ മസ്‌കറ്റ്, തുലിപ് ഇന്‍, സെക്യുര്‍ ഇന്‍ എന്നീ ഹോട്ടലുകളാണ് രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്കായി അധികൃതര്‍ തയ്യാറാക്കിയ പട്ടികയിലുള്ളത്. മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ ബീച്ച് ഹോട്ടല്‍, ഖസബ് ഹോട്ടല്‍, ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്ന് ആല്‍ഫ ഹോട്ടല്‍ സലാല എന്നിവയും ബുറൈമിയിലെ അരീന ഹോട്ടല്‍, വടക്കന്‍ ശര്‍ഖിയയിലെ അല്‍ ദിയാര്‍ ഹോട്ടല്‍, തെക്കന്‍ ശര്‍ഖിയയിലെ ഗോള്‍ഡന്‍ റേയ്‌സ് ഹോട്ടല്‍, വടക്കന്‍ ബത്തിനായിലെ മെക്യുര്‍ ഹോട്ടല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 
 

click me!