
മസ്‌കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞത് 30 ദിവസത്തെ കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് വഹിക്കുന്ന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി അധികൃതര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഒമാനില്‍ വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ ശാരീരിക അകലം പാലിക്കണം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും അവരുടെ വരവിനു മുമ്പ് താരാസുഡ് പ്ലസ് കൊവിഡ് മോണിറ്ററിംഗ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാ പെര്‍മിറ്റ് ലഭിക്കാതെ മറ്റ് രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് എത്താന്‍ അനുവാദമില്ല. രാജ്യത്തേക്ക് വരുന്ന എല്ലാ ആളുകളും പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. അതിന്റെ ഫലങ്ങള്‍ ഒന്ന് മുതല്‍ ഏഴ് ദിവസം വരെ എടുക്കും. കൂടാതെ 14 ദിവസത്തെ ക്വാറന്‍റീനില്‍ പ്രവേശിക്കുകയും വേണം. ഈ കാലയളവില്‍ അവര്‍ എവിടെയാണെന്ന് നിരീക്ഷിക്കാന്‍ ഒരു ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ധരിക്കണം.
രാജ്യത്ത് എത്തുന്ന വിദേശികള്‍ താമസൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം. 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനുള്ള ചെലവ് വഹിക്കണം. സുരക്ഷാ ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ ഒരു ഹാന്‍ഡ്ബാഗും ഒരു ഡ്യൂട്ടി ഫ്രീ ബാഗും കൊണ്ടുവരാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന്, പരമാവധി നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ ഉണ്ടായിരിക്കണം. ഈ സമയത്ത് ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അവരെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് കൃത്യമായി ധരിക്കുകയും ഇടക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകി അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കുകയും വേണം. എയര്‍പോര്‍ട്ടിലെ എല്ലാ സ്ഥലങ്ങളിലും സ്‌റ്റൈറിലൈസറുകള്‍ ലഭ്യമാണ്. സുരക്ഷാ ചെക്ക് പോയിന്റുകള്‍, പാസ്‌പോര്‍ട്ട് ഡെസ്‌ക്കുകള്‍ എന്നിങ്ങനെ വിമാനത്താവളത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം മാസ്‌കുകള്‍ മാറ്റാനും യാത്രക്കാര്‍ തയ്യാറാവണം. പണമടയ്ക്കാന്‍ ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam