വിമാനത്തില്‍ കയറിയ ശേഷം ഒന്നര വയസുകാരന്റെ പാസ്‍പോര്‍ട്ട് നഷ്ടമായി; യാത്ര മുടങ്ങിയപ്പോള്‍ തുണയായി എംബസി

By Web TeamFirst Published Mar 3, 2020, 5:09 PM IST
Highlights

സന്ദര്‍ശനം പൂര്‍ത്തിയാക്കി ഭാര്യയെയും മകനെയും നാട്ടിലേക്ക് കയറ്റിവിടാനാണ് ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രണ്ടുപേരുടെയും പാസ്‍പോര്‍ട്ട് കൈവശമുണ്ടായിരുന്നു.  നടപടികളെല്ലാം സുഗമമായി പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.

അബുദാബി: നടപടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറിയ ശേഷം ഒന്നര വയസുകാരന്റെ പാസ്‍പോര്‍ട്ട് കാണാതായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങേണ്ടി വന്ന അമ്മയ്ക്കും കുഞ്ഞിനും തുണയായത് എംബസിയുടെ സമയോചിത ഇടപെടല്‍. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കന്യാകുമാരി സ്വദേശിയായ വിനു ആന്റോ സന്ദര്‍ശക വിസയില്‍ ഭാര്യ അസ്‍ലിന്‍ മേരിയേയും ഒന്നര വയസുള്ള മകന്‍ ഡെര്‍വിന്‍ ക്രിസിനേയും നേരത്തെ അബുദാബിയിലേക്ക് കൊണ്ടുവന്നിരുന്നു.  സന്ദര്‍ശനം പൂര്‍ത്തിയാക്കി ഭാര്യയെയും മകനെയും നാട്ടിലേക്ക് കയറ്റിവിടാനാണ് ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രണ്ടുപേരുടെയും പാസ്‍പോര്‍ട്ട് കൈവശമുണ്ടായിരുന്നു.  നടപടികളെല്ലാം സുഗമമായി പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.

തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഒന്നര വയസുകാരന്റെ പാസ്‍പോര്‍ട്ട് കാണാനില്ലെന്ന് അമ്മയ്ക്ക് മനസിലായത്. ഉടന്‍ വിമാന ജീവനക്കാരെ വിവമറിയിച്ചു. ജീവനക്കാരും മറ്റ് യാത്രക്കാരുമെല്ലാം ചേര്‍ന്ന് തെരഞ്ഞെങ്കിലും പാസ്‍പോര്‍ട്ട് കണ്ടെത്താനായില്ല. ടെര്‍മിനലില്‍ നിന്ന് ഇവരെ കൊണ്ടുവന്ന ബസിലും പരിശോധന നടത്തിയെങ്കിലും പാസ്‍പോര്‍ട്ട് കിട്ടിയില്ല. 10.05ന് പുറപ്പെടേണ്ട വിമാനം 25 മിനിറ്റ് വൈകുകയും ചെയ്തു.

എല്ലായിടത്തും തെരഞ്ഞെങ്കിലും പാസ്‍പോര്‍ട്ട് കണ്ടെത്താനാവാതെ വന്നതോടെ യാത്ര ചെയ്യാനാവില്ലെന്ന് വിമാന കമ്പനി ഇവരെ അറിയിക്കുകയും വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്ന് ആന്റോ, എംബസിയുടെ സഹായം തേടി. ആവശ്യമായ രേഖകളെല്ലാം എംബസിയില്‍ ഹാജരാക്കി. വിമാനക്കമ്പനിയും ഔദ്യോഗികമായി ഇ-മെയില്‍ സന്ദേശം അയച്ചു. എംബസിയുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.

24 മണിക്കൂറിനകം ഇരുവര്‍ക്കും തിരുവനന്തപുരത്തേക്ക് പറക്കാനുമായി.  നാട്ടിലേക്ക് പോയ ഭാര്യയെയും മകനെയും വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍ പറ്റിയെന്ന് വിനു സന്തോഷിക്കുമ്പോഴും പാസ്‍പോര്‍ട്ട് എവിടെ പോയെന്ന് മാത്രം ആര്‍ക്കും ഒരു പിടിയുമില്ല. സംഭവം സ്ഥിരീകരിച്ച എംബസി അധികൃതര്‍, തങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതികരിച്ചു.

click me!