Latest Videos

യുഎഇയിൽ 483 പുതിയ കൊവിഡ് കേസുകൾ, സൗദിയിൽ രോ​ഗികളുടെ എണ്ണം പതിനായിരം കടന്നു

By Web TeamFirst Published Apr 20, 2020, 11:33 PM IST
Highlights

വൈറസ് പടരാന്‍ കാരണം വിദേശികളാണെന്ന തരത്തിലുളള പ്രചരണങ്ങള്‍ ശക്തമായതോടെ  സൗദി രാജ കുടുംബാംഗം പ്രിന്‍സ് അബ്ദുറഹ്മാന്‍ ബിന്‍ മുസാഇദ് മറുപടിയുമായി രംഗത്തെത്തി. 

ദുബായ്: ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ യുഎഇയിലെ ആകെ മരണം 178 ആയി. സൗദിയില്‍ 24 മണിക്കൂറിനിടെ 1122 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 28,000 കടന്നു

ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദര്‍ , തുമ്പമൺ സ്വദേശി കോശി സഖറിയ എന്നിവരാണ് ഇന്ന് ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ദുബായിൽ മരണം നാല്‍പത്തി മൂന്നായി. 483 പുതിയ കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോര്‍ട്ട് ചെയ്തത്. 

സൗദിയില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.  1122 പേരില്‍ ഇന്ന് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 10,484 ആയി. ആറ് പേര്‍കൂടി മരിച്ചതോടെ മരണം 103 ആയി. സൗദിയിലെ രോഗബാധിതരില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.  

വൈറസ് പടരാന്‍ കാരണം വിദേശികളാണെന്ന തരത്തിലുളള പ്രചരണങ്ങള്‍ ശക്തമായതോടെ  സൗദി രാജ കുടുംബാംഗം പ്രിന്‍സ് അബ്ദുറഹ്മാന്‍ ബിന്‍ മുസാഇദ് മറുപടിയുമായി രംഗത്തെത്തി. വിദേശ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് വ്യാപകമാവുന്നതിനുള്ള കാരണം അവരുടെ ജീവിത സാഹചര്യങ്ങളാണെന്നും ഒറ്റമുറിയില്‍   വിദേശികുടിയേറ്റക്കാർ തിങ്ങിക്കഴിയുന്നതാണ് രോഗം പടരാനിടയാക്കുന്നതന്നും  ഇത് പ്രവാസികളുടെ കുറ്റമല്ലെന്നും രാജകുമാരന്‍ വ്യക്തമാക്കി.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ത്യക്കാരനടക്കം  രണ്ടുപേര്‍ ഇന്ന് മരിച്ചു.രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി ഇതിൽ 1132 പേരും ഇന്ത്യക്കാരാണ്. മസ്കറ്റ് ഗവര്ണറേറ്റ്  മെയ് 8  വരെ അടച്ചിടാന്‍  ഒമാൻ സുപ്രിം കമ്മിറ്റി ഉത്തരവിട്ടു. അതേസമയം ഒമാന്‍ സാമ്പത്തിക നിയന്ത്രണം കടുപ്പിച്ചു.  500  ദശലക്ഷം ഒമാനി റിയാലിന്റെ  കുറവ്  വരുത്തിക്കൊണ്ട്  ഒമാൻ ധനകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. എണ്ണവില ഇനിയും കുറഞ്ഞാൽ  കൂടുതൽ ചെലവുചുരുക്കൽ നടപടികളിലേക്ക്  നീങ്ങുമെന്നും  അധികൃതർ  വ്യക്തമാക്കി.

click me!