50 ഡിഗ്രിയും കടന്ന് താപനില, യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; 'അൽ മിർസാം' നക്ഷത്രം ഉദിച്ചു

Published : Aug 02, 2026, 01:28 PM IST
high temperature

Synopsis

യുഎഇയിൽ കടുത്ത വേനൽച്ചൂടിന്റെ അവസാന ഘട്ടത്തിന് തുടക്കം കുറിച്ച് 'അൽ മിർസാം' നക്ഷത്രം ഉദിച്ചു. കൊടും ചൂടിന്‍റെ സൂചനയാണെങ്കിലും, ഈ നക്ഷത്രത്തിന്‍റെ ഉദയം ഈർപ്പം വർദ്ധിപ്പിക്കുകയും ഈന്തപ്പഴ വിളവെടുപ്പ് കാലത്തിന് തുടക്കമിടുകയും ചെയ്യുന്നു. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ ചൂട് കുറയുമെന്നും എൽ നിനോ കാരണം നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

അബുദാബി: യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 'അൽ മിർസാം' നക്ഷത്രം ഉദിച്ചു. അറബ് പാരമ്പര്യത്തിൽ 'ജുമ്ര് അൽ ഖൈത്' (വേനൽക്കാലത്തിന്റെ കനലുകൾ) എന്ന് വിളിക്കപ്പെടുന്ന കടുത്ത വേനൽച്ചൂടിന്റെ അവസാന ഘട്ടമാണ് ഈ നക്ഷത്രത്തിന്റെ ഉദയത്തോടെ ആരംഭിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച യുഎഇയിൽ 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. അബുദാബിയിലെ അൽ ശവാമെഖിലാണ് ഉച്ചയ്ക്ക് 2:30ഓടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശാസ്ത്രീയമായി 'സിറിയസ്' എന്നറിയപ്പെടുന്ന അൽ മിർസാം, ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ജൂൺ അവസാനത്തോടെ കാണാതാകുന്ന ഈ നക്ഷത്രം, കിഴക്കൻ ചക്രവാളത്തിൽ സൂര്യോദയത്തിന് 40 മുതൽ 50 മിനിറ്റ് മുമ്പ് വീണ്ടും പ്രത്യക്ഷപ്പെടുകയാണെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വിശദീകരിച്ചു.

അൽ മിർസാമിന്‍റെ ഉദയം കൊടും ചൂടിന്‍റെ സൂചനയാണെങ്കിലും, വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ ഇത് കാരണമാകും. ഇതോടൊപ്പം തദ്ദേശീയമായി രൂപപ്പെടുന്ന 'അൽ റുവയ്യ' മേഘങ്ങൾ വർധിക്കുകയും പിന്നീട് വരണ്ട കാലാവസ്ഥ മാറി ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷത്തിലേക്ക് വഴിമാറുകയും ചെയ്യും. അറേബ്യൻ ഉപദ്വീപിലെ ജനങ്ങൾ പുരാതന കാലം മുതൽക്കേ കൃഷിയും മുത്തുചിപ്പി വാരലുമടക്കമുള്ള ദൈനംദിന ജീവിതത്തിന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈന്തപ്പഴ വിളവെടുപ്പിന്‍റെ ഏറ്റവും നല്ല സമയമായാണ് അൽ മിർസാം നക്ഷത്രത്തിന്റെ ഉദയത്തെ കർഷകർ കാണുന്നത്. 

നക്ഷത്രം ഉദിച്ചെങ്കിലും ചൂട് പെട്ടെന്ന് കുറയില്ലെന്ന് അൽ ജർവാൻ മുന്നറിയിപ്പ് നൽകുന്നു. അൽ മിർസാമിന് ശേഷം വരുന്ന 'സുഹൈൽ' നക്ഷത്രം ഉദിക്കുമ്പോഴും ചൂടിന്റെ തീവ്രത കുറയുമെങ്കിലും തണുപ്പ് അനുഭവപ്പെടാൻ സമയമെടുക്കും. നവംബർ മാസത്തോടെ മാത്രമേ യുഎഇയിൽ പൂർണ്ണമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങൂ. എന്നാൽ ഇത്തവണ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണം അറേബ്യൻ ഉപദ്വീപിൽ മികച്ച മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ, 14,154 നിയമലംഘകർ പിടിയിൽ; കർശന പരിശോധന
ഓണം എത്തും മുമ്പേ സദ്യ രുചിച്ച് പ്രവാസി മലയാളികൾ; സദ്യ ഒരുക്കിയത് പഴയിടം മോഹനൻ നമ്പൂതിരി