
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച (ഏപ്രിൽ 13) പുലർച്ചെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സുരക്ഷാ അധികൃതർ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയും.
തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇനി പറയുന്ന വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമേ നിലവിൽ മക്കയിലേക്ക് പ്രവേശനാനുമതി ഉള്ളൂ.
1. മക്ക ഇഖാമയുള്ളവർ: മക്കയിൽ താമസരേഖയുള്ള വിദേശികൾ.
2. ഹജ്ജ് പെർമിറ്റുള്ളവർ: ഈ വർഷത്തെ ഹജ്ജിനായി ഔദ്യോഗിക അനുമതി പത്രം ലഭിച്ചവർ.
3. ജോലി പെർമിറ്റുള്ളവർ: വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' അല്ലെങ്കിൽ 'മുഖീം' പോർട്ടൽ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ.
ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി സന്ദർശക വിസയിൽ ഉള്ളവർക്കും ഉംറ തീർഥാടകർക്കും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്:
1. മടക്കയാത്ര: ഉംറ വിസയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 ആണ്.
2. പെർമിറ്റ് നിർത്തിവെച്ചു: സ്വദേശികൾക്കും പ്രവാസികൾക്കുമായി 'നൂസുക്' (Nusuk) ആപ്പ് വഴി നൽകിവരുന്ന ഉംറ പെർമിറ്റുകൾ ഏപ്രിൽ 18 മുതൽ മെയ് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു.
3. ഹജ്ജ് വിസ നിർബന്ധം: ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയിൽ തുടരാനോ പുതിയതായി പ്രവേശിക്കാനോ അനുമതിയുള്ളൂ. ഉംറ, വിസിറ്റ് വിസക്കാർക്ക് ഈ കാലയളവിൽ പ്രവേശന വിലക്കുണ്ടായിരിക്കും.
മക്കയിലെ താമസകേന്ദ്രങ്ങളിൽ ഔദ്യോഗിക പെർമിറ്റില്ലാത്തവരെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുൽഖഅദ ഒന്ന് (ഏപ്രിൽ 18) മുതൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സുരക്ഷാ വിഭാഗത്തിൻ്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam