
ദുബൈ: പെരുമാളില്ലാതെ യുഎഇയിലെ മലയാളികള്‍ക്ക് എന്ത് ഓണാഘോഷം. മൂന്നുപതിറ്റാണ്ടിലേറെയായി ദുബൈയില്‍ പൂക്കച്ചവടം നടത്തുന്ന ഇദ്ദേഹം ഇത്തവണ ഇരുപത്തയഞ്ച് ടണ്‍ പൂക്കളാണ് പ്രവാസി ഓണത്തിന് പൊലിമകൂട്ടാന്‍ അറബ് നാട്ടിലെത്തിച്ചത്.
ഓണമെത്തിയാല്‍ യുഎഇയില്‍ ആദ്യം പൂവിളി ഉയരുന്നത് പെരമാളിന്റെ കടയില്‍ നിന്നാണ്. തമിഴ് നാടുകാരനായ പെരുമാള്‍ അറബ് നാട്ടിലേക്ക് പൂക്കളെത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മുപ്പത്തിരണ്ടായി. മുല്ലപ്പൂ, പിച്ചിപൂ, ചെണ്ടുമല്ലി, ജമന്തിയടക്കം പ്രവാസികളുടെ ഓണത്തിന് സുഗന്ധം പകരാന്‍ ഇത്തവണ ഇരുപത്തിയഞ്ച് ടണ്‍ പൂക്കളാണ് കടല്‍കടന്നെത്തിയത്.
1980ല്‍ ഇലക്ട്രീഷ്യനായി യുഎഇയിലെത്തിയ പെരുമാള്‍ 90ലാണ് പൂ കച്ചവടത്തിലേക്ക് തിരിയുന്നത്. ബര്‍ദുബായിലെ ഒരു കുഞ്ഞുകടയില്‍ തുടങ്ങിയ പെരുമാള്‍ ഫ്ലവേര്‍സിന് ഇന്ന് യുഎഇയുടെ വിവിധ എമിറേറ്റുകളിലായി പതിനാല് ശാഖകളുണ്ട്. ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍ ഓര്‍ഡര്‍ അനുസരിച്ച് വിമാനത്തിലെത്തിച്ചായിരുന്നു തുടക്കമെങ്കില്‍ സ്ഥിതി മാറി. ടണ്‍കണക്കിന് പൂക്കളാണ് പെരുമാള്‍ ഇന്ന് വിപണിയിലെത്തിക്കുന്നത്. പൂക്കള്‍ കോര്‍ക്കാനും മറ്റുമായി അറുപത്തിയഞ്ച് ജീവനക്കാരുമുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഓണക്കാലം പ്രളയത്തിലും കോവിഡിലും മുങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് പെരുമാളിന് നഷ്ടമായത്. യാത്രാവിലക്കിലെ ആശങ്ക ഒഴിയാത്ത സാഹചര്യത്തില്‍ നാട്ടിലേക്കുള്ള യാത്രയൊഴിവാക്കി ഇത്തവണ മലയാളികള്‍ ഓണം ഗള്‍ഫില്‍ തന്നെ ആഘോഷിക്കുമ്പോള്‍ കച്ചവടം പൊടിപൊടിച്ച സന്തോഷത്തിലാണ് ഈ അറുപത്തിയഞ്ചുകാരന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam