ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ എണ്ണവില; പെട്രോള്‍, ഡീസല്‍ വിലയിലും കുറവുണ്ടാകും

By Web TeamFirst Published Mar 9, 2020, 2:37 PM IST
Highlights

ഗള്‍ഫ് യുദ്ധം തുടങ്ങിയ 1991 ജനുവരി 17നാണ് എണ്ണവിലയില്‍ ഇത്രയധികം വലിയ വിലയിടിവുണ്ടായത്. അന്ന് 35.75 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് വിലക്കുറവിലേക്ക് നയിച്ചത്. 

റിയാദ്: 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് അസംസ്കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയില്‍ വരുത്തിയ മാറ്റം കാരണമാണ്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ 14.25 ഡോളര്‍ ഇടിഞ്ഞ് അന്താരാഷ്ട്ര വിപണിയില്‍ വില ബാരലിന് 31.02 എന്ന നിരക്കിലെത്തി.

ഗള്‍ഫ് യുദ്ധം തുടങ്ങിയ 1991 ജനുവരി 17നാണ് എണ്ണവിലയില്‍ ഇത്രയധികം വലിയ വിലയിടിവുണ്ടായത്. അന്ന് 35.75 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് വിലക്കുറവിലേക്ക് നയിച്ചത്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതുകൊണ്ടുള്ള മാന്ദ്യത്തിലാണ് വിപണി. ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അലസിയതോടെയാണ് സൗദി അറേബ്യ റഷ്യയുമായി വിലയില്‍ മത്സരിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ ഇന്ന് പെട്രോള്‍ വിലയില്‍ 24 പൈസയുടെയും ഡീസല്‍ വിലയില്‍ 25 പൈസയുടെയും കുറവാണ് വന്നത്. ഈ വര്‍ഷം ഇതുവരെ പെട്രോള്‍ വിലയില്‍ 4.55 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ വിലയില്‍ 4.7 രൂപയുടെ കുറവുമുണ്ടായി. അസംസ്കൃത എണ്ണ വില അടിസ്ഥാനപ്പെടുത്തി ഓരോ ദിവസവും എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്ന രീതിയാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ഇതനുസരിച്ച് എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് വില പുതുക്കിനിശ്ചയിക്കുകയാണ് രീതി.

അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ് നിലനില്‍ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വിലയിടിവ് അടിസ്ഥാനപ്പെടുത്തി പെട്രോള്‍, സീഡല്‍ വിലയിലും കുറവുവരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിക്കുമെങ്കില്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

click me!