
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോയ ഒരു സംഘടിത സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. 'ഇരുമ്പ്' എന്ന് രേഖപ്പെടുത്തിയ പത്ത് കണ്ടെയ്നറുകൾ കയറ്റുമതിക്കായി തയ്യാറാക്കിയിരുന്നതായി കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെയ്നറുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഉണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാഗ്രോസ് ജനറൽ ട്രേഡിംഗ് കമ്പനി, ആർട്ട് ടവർ കമ്പനി എന്നിവയുടെ പേരിലാണ് ഈ രണ്ട് കയറ്റുമതി രേഖകളും തയ്യാറാക്കിയത്.
അന്വേഷണത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായ ഖാലിദ് മുത്ലഖ് അൽ-മുതൈരി, ആഭ്യന്തര മന്ത്രാലയത്തിലെ ഒരു സർജന്റായ മുത്ലഖ് ഫലാഹ് അൽ-മുതൈരി എന്നിവരാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. ഇവരുമായി ബന്ധമുള്ള സിക്കന്ദ്ര ജോൺ (ഇന്ത്യൻ പൗരൻ), അഹമ്മദ് അലി മുഹമ്മദ് ഹസ്സൻ (ഈജിപ്ഷ്യൻ പൗരൻ) എന്നിവർ ചേർന്നാണ് ഈ ഉൽപ്പന്നങ്ങൾ കബ്ദ് ഏരിയയിൽ നിന്ന് ശേഖരിച്ചത്.
കബദ് ഏരിയയിൽ നടത്തിയ റെയ്ഡിൽ കണ്ടെയ്നറുകൾ തയ്യാറാക്കാനും പെട്രോളിയം ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനും ഉപയോഗിക്കുന്ന ഒരു കേന്ദ്രം അധികൃതർ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടത്തുന്നതിനായി പെട്രോളിയം ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഫ്ലെക്സിബിൾ കണ്ടെയ്നറുകളും ടാങ്കുകളും പോലീസ് പിടിച്ചെടുത്തു. കസ്റ്റംസ് രേഖകളിൽ കൃത്രിമം കാണിച്ചാണ് കയറ്റുമതിക്ക് ശ്രമിച്ചത്. ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ