യുഎഇയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങി; രജിസ്റ്റര്‍ ചെയ്തത് 10,000 പേര്‍

By Web TeamFirst Published Jul 25, 2020, 9:34 AM IST
Highlights

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം അബുദാബിയില്‍ നടത്തുന്നത്.

അബുദാബി: യുഎഇയിലെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പേരാണ് പരീക്ഷണത്തിന് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്സിനെടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനിടെ ഇവര്‍ കുറഞ്ഞത് 17 തവണയെങ്കിലും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ ടെസ്റ്റിങ് സെന്ററുകളില്‍ എത്തേണ്ടിവരും. 

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം അബുദാബിയില്‍ നടത്തുന്നത്. ആബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. 

പരീക്ഷണത്തിനായി വാക്സിന്‍ സ്വീകരിക്കുന്നവര്‍ 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ രാജ്യം വിടാന്‍ പാടില്ല. ഇതിന് ശേഷവും ആറ് മാസത്തേക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയികരമായി പൂര്‍ത്തിയായിരുന്നു. 
 

click me!