അറഫാ സംഗമം പൂര്‍ത്തിയാക്കി ഹാജിമാര്‍ മുസ്ദലിഫയില്‍; ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത് കര്‍ശന സുരക്ഷയോടെ

By Web TeamFirst Published Jul 31, 2020, 12:23 AM IST
Highlights

ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളെ പ്രതിനിധീകരിച്ച് ആയിരത്തോളം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ലോകത്തിന്റെ സമാധാനത്തിന് വേണ്ടി എല്ലാവരും നില കൊള്ളണം എന്ന് നമിറ പള്ളിയിലെ ഖുത്ബയില്‍ ഇമാം ആഹ്വനം ചെയ്തു. 

മക്ക: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമം വ്യാഴാഴ്ച നടന്നു. സമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകള്‍ പാലിച്ച്,  പ്രാർഥനകളോടെയാണ് തീർഥാടകർ അറഫയിലെത്തിയത്. 

ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളെ പ്രതിനിധീകരിച്ച് ആയിരത്തോളം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ലോകത്തിന്റെ സമാധാനത്തിന് വേണ്ടി എല്ലാവരും നില കൊള്ളണം എന്ന് നമിറ പള്ളിയിലെ ഖുത്ബയില്‍ ഇമാം ആഹ്വനം ചെയ്തു. തൊട്ടുരുമ്മി നിന്ന് പ്രാര്‍ഥിക്കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ രീതി. പക്ഷെ ഇത്തവണ അണമുറിയാത്ത ജനസാഗരമില്ല. സൗദിയില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യക്കാരായ ആയിരത്തോളം തീര്‍ത്ഥാടകര്‍ മാത്രം. 

സൗദിയില്‍ ഉള്ള നിരവധി മലയാളികള്‍ക്ക് ഇത്തവണത്തെ ഹജ്ജിനു അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന് മുസ്ദലിഫയില്‍ ആണ് ഹാജിമാര്‍ രാപാര്‍ക്കുന്നത്. നാളെ രാവിലെ മിനായിലേക്ക് നീങ്ങും. മിനായില്‍ നാളെ ഒന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം നിര്‍വഹിക്കും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലും താമസിക്കുന്ന കെട്ടിടങ്ങളിലും അണുനശീകരണം നടത്തുന്നുണ്ട്. വലിയ ഹാളുകളിലാണ് ഹാജിമാര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. താമസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധന ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

click me!