'അദ്ദേഹത്തിന് എന്താണ് പറ്റുന്നതെന്ന് എനക്ക് നിശ്ചയമില്ല';പ്രവാസി വിഷയത്തില്‍ മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Jun 25, 2020, 8:13 PM IST
Highlights

ഇന്ത്യാ ഗവണ്‍മെന്‍റിന് ഇക്കാര്യങ്ങളില്‍ വ്യക്തതയുള്ളതാണെന്നും വി മുരളീധരന് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യാ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻറെ വിമര്‍ശനങ്ങളോട് പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍റേത് കാതലായ വിമര്‍ശനമാണെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടു മുഴുവന്‍ ഇക്കാര്യങ്ങള്‍ അറിയാമെന്നും മുരളീധരന് എന്താണ് പറ്റുന്നതെന്ന് തനിക്ക് നിശ്ചയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തതയുള്ളതാണ്. ഇന്ത്യാ ഗവണ്‍മെന്‍റിന് ഇക്കാര്യങ്ങളില്‍ വ്യക്തതയുള്ളതാണ്. വി മുരളീധരന് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യാ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത തേടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേരളത്തിന് മാത്രമായി പ്രത്യേകചട്ടം ഉണ്ടാക്കി നടപ്പിലാക്കാനാകില്ലെന്ന് വി മുരളീധരൻ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നു. ട്രൂനാറ്റ് കിറ്റുകള്‍ അച്ചാറും ഉപ്പിലിട്ടതും പോലെ നാട്ടില്‍ നിന്ന് വിദേശത്തേക്ക് കൊടുത്തുവിടാന്‍ സാധിക്കുന്നതാണെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ മടക്കം: കേരളത്തിന് മാത്രം ഒരു ചട്ടം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

click me!