പ്രവാസികളുടെ മടക്കം: കേരളത്തിന് മാത്രം ഒരു ചട്ടം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

By Web TeamFirst Published Jun 25, 2020, 6:27 PM IST
Highlights

വന്ദേഭാരത് മിഷൻ വഴി മടങ്ങി വരുന്ന പ്രവാസികൾക്ക് പ്രത്യേകനിബന്ധനകളില്ല. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമാണ് കേരളം പറഞ്ഞ നിബന്ധനകൾ ബാധകമാകൂ എന്നും വി മുരളീധരൻ. 

ദില്ലി: പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേരളത്തിന് മാത്രമായി പ്രത്യേകചട്ടം ഉണ്ടാക്കി നടപ്പിലാക്കാനാകില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കേരളം പറഞ്ഞ ചട്ടങ്ങൾ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമേ ബാധകമാക്കാനാകൂ. വന്ദേഭാരത് മിഷൻ വിമാനയാത്രക്കാർക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.

കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിലപാടാണ് ആദ്യം സംസ്ഥാനസർക്കാർ സ്വീകരിച്ചതെങ്കിൽ പ്രവാസലോകത്ത് നിന്നുള്ള വ്യാപകപ്രതിഷേധത്തെത്തുടർന്ന് ഈ നിബന്ധനയിൽ ഇളവ് വരുത്താൻ തീരുമാനിക്കുകയായിരുന്നു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. യാത്ര ചെയ്യുന്നവർക്ക് പിപിഇ കിറ്റുകൾ നൽകേണ്ടത് വിമാനക്കമ്പനികൾ തന്നെയാണ്.

പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണെന്നും സംസ്ഥാനസർക്കാർ അറിയിച്ചിരുന്നു. 

ഈ ചട്ടങ്ങൾ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും നിർബന്ധമാണെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാലിത് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ മാത്രമായി പ്രായോഗികമാകില്ല എന്ന നിലപാട് സംസ്ഥാനസർക്കാരിനെ വിദേശകാര്യമന്ത്രാലയം അറിയിച്ചെന്നാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയത്. 

''ഇപ്പോൾ നിരീക്ഷണത്തിലിരിക്കുന്ന പ്രവാസികളിലും ബാക്കിയുള്ളവരിലും എത്രത്തോളം പരിശോധന നടക്കുന്നു? വിമാനത്താവളങ്ങളിൽ ആന്‍റിബോഡി ടെസ്റ്റ് നടത്തുന്ന കാര്യം ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിലവ് കുറഞ്ഞ ഈ സംവിധാനം നേരത്തേ എന്തുകൊണ്ട് നടപ്പാക്കിയില്ല? ട്രൂനാറ്റ് കേരളത്തിൽ നടത്താതിരിക്കുന്നത് എന്താണ്? ഇത് വിദേശത്തേക്ക് കയറ്റി അയക്കണം എന്ന് പറയുന്നത് എന്തിനാണ്? സംസ്ഥാനത്ത് പരിശോധനാ നിരക്ക് വളരെ കുറവാണ്. ഒന്നരലക്ഷം പ്രവാസികൾ തിരികെ വന്നതിൽ ആയിരത്തിയഞ്ഞൂറിൽപ്പരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വന്നവർക്ക് പ്രത്യേകവിമാനം പ്രായോഗികമാണോ?'', എന്ന് വി മുരളീധരൻ. 

വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് സംസ്ഥാനങ്ങൾ ക്വാറന്‍റീനിൽ പാർപ്പിക്കണം. അവരിൽ എത്ര പേർക്ക് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനസർക്കാരിന് തീരുമാനിക്കാം. അതാണ് കേന്ദ്രസർക്കാർ തീരുമാനമെന്നും, അതല്ലാതെ കേരളത്തിന് മാത്രമായി വേറെ ചട്ടം കൊണ്ടുവന്നാൽ ഇത് ഉറപ്പുവരുത്താൻ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. 

കേരളം തീരുമാനിച്ച ചട്ടങ്ങൾ കേരളത്തിലേ നടപ്പാക്കാനാകൂ. വിവിധ സംസ്ഥാനങ്ങൾ വിവിധ ചട്ടങ്ങൾ തീരുമാനിച്ചാൽ വിദേശരാജ്യങ്ങളിൽ അത് നടപ്പാക്കാൻ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ലെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് വി മുരളീധരൻ വിശദീകരിക്കുന്നത്.

click me!