
മസ്‌കറ്റ്: ഒമാനിൽ കടയിലെ ജീവനക്കാർക്ക് നേരെ പ്രവാസി പണം എറിഞ്ഞു നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റോയൽ ഒമാൻ പൊലീസ്. ജോലിക്കിടെ പുരുഷ ജീവനക്കാരന് നേരെയും, മറ്റൊരു വീഡിയോയിൽ വനിതാ ജീവനക്കാരിക്ക് നേരെയും വ്യക്തി പണം എറിയുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ഇതിൽ രണ്ടാമത്തെ വീഡിയോ ബോധവൽക്കരണത്തിനായി മാത്രം നിർമ്മിച്ച രംഗമാണെന്ന് ഇതിൽ അഭിനയിച്ചവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരെയും നിയമനടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മുൻപ് ഒമാനി റിയാൽ നോട്ടുകൾ വാഷ്‌ബേസിനിലെ ടാപ്പിന് താഴെവെച്ച് കഴുകുന്ന വീഡിയോ പങ്കുവെച്ച ഏഷ്യൻ യുവതിക്കെതിരെയും പൊലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ റിസർച്ച് കേസെടുത്തിരുന്നു. "ഞാൻ വിദേശത്ത് പണമുണ്ടാക്കുന്നത് ഇങ്ങനെയാണെന്നാണ് കുടുംബം വിചാരിക്കുന്നത്" എന്ന കുറിപ്പോടെയായിരുന്നു ഈ വീഡിയോ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തെറ്റായി ഉപയോഗിക്കുന്നതും ദേശീയ കറൻസിയെ അനാദരിക്കുന്നതും കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവൃത്തികൾ നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ കാരണമാകില്ലെന്ന് പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. വീഡിയോകളിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കുമെതിരെ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam