രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസികള്‍

By Web TeamFirst Published Aug 16, 2019, 12:34 AM IST
Highlights

അബുദാബിയിലെ ഇന്ത്യൻ എംബസ്സിയില്‍ അംബാസിഡര്‍ നവദീപ് സിഗ് സൂരിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ദേശീയ പതാക ഉയർത്തി.

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും ചൂടിലും വിവിധ തുറകളിലുള്ള ആയിരങ്ങളാണ് അബുദാബി ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. സൗദിയിലും വിപുലമായി ആഘോഷ പരിപാടികൾ നടന്നു. എല്ലാ ഇന്ത്യക്കാർക്കും സൽമാൻ രാജാവ് ആശംസകൾ നേർന്നു. ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം വിവിധ പരിപാടികളോടെയാണ് കൊണ്ടാടിയത്.

ഇന്ത്യൻ നയതന്ത്ര ഓഫിസുകളിലും ഇന്ത്യൻ അസോസിയേഷൻ മന്ദിരങ്ങളിലും ഇന്ത്യൻ സ്കൂളുകളിലുമെല്ലാം പതാക ഉയർത്തി, കലാപരിപാടികള്‍ നടന്നു. അബുദാബിയിലെ ഇന്ത്യൻ എംബസ്സിയില്‍ അംബാസിഡര്‍ നവദീപ് സിഗ് സൂരിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചുകേൾപ്പിച്ചു.
അബുദാബി വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സ്വദേശി ജീവനക്കാര്‍ ഇന്ത്യന്‍പതാകകളും പൂക്കളും നല്‍കി സ്വീകരിച്ചത് ശ്രദ്ധേയമായി

കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മലയാളി സംഘടനകളും കൂട്ടായ്മകളും വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കി. ഇന്ന് പ്രവൃത്തിദിനമായതിനാൽ നാളത്തേക്ക് ആഘോഷങ്ങള്‍ മാറ്റിയവരും കുറവല്ല. ദുബായി കെഎംസിസിയില്‍ നാളെ രാത്രി എട്ട് മണിക്ക് നടക്കുന്ന സ്വാതന്ത്രദിനാഘോഷ സമാപന സമ്മേളനത്തിൽ അറബ് പ്രമുഖരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും സംബന്ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

click me!