
ദുബൈ: ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത തിരക്കാണിപ്പോള്‍. പുതിയ റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതെല്ലാം റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റുതീരുന്നത്. ഇതിനിടെയാണ് 'ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടം' എന്ന വിശേഷണത്തോടെ അവതരിപ്പിച്ച അല്‍ ഹബ്‍തൂര്‍ ടവറിന്റെ വില്‍പന കഴിഞ്ഞ ദിവസം തുടങ്ങിയത്.
ലോകമെമ്പാടുമുള്ള നിക്ഷേപകരില്‍ നിന്ന് വലിയ പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അല്‍ ഹബ്‍തൂര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ മുഹമ്മദ് ഖലാഫ് അല്‍ ഹബ്‍തൂര്‍ പറഞ്ഞു. ശൈഖ് സായിദ് റോഡിലെ ഈ 82 നില കെട്ടിടത്തിലെ ഒരോ നിലകള്‍ വീതം മൊത്തത്തില്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തിയവര്‍ വരെയുണ്ടെന്ന് കമ്പനി പറയുന്നു.
82 നിലകളുണ്ടാവുമെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടം എന്ന് അവകാശപ്പെടുന്ന അല്‍ ഹബ്‍തൂര്‍ ടവറിന്റെ ഉയരം എത്രയാണെന്ന് കൃത്യമായി കമ്പനി വെളിപ്പെടുത്തുന്നില്ല. ഇന്ത്യക്കാരും അല്‍ ഹബ്‍തൂര്‍ ടവറില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയവരിലുണ്ടത്രെ. ചൈന, യുകെ, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങിള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിക്ഷേപകര്‍ സമീപിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.
ആകെ 1619 അപ്പാര്‍ട്ട്മെന്റുകളും 22 സ്കൈ വില്ലകളുമാണ് അല്‍ ഹബ്തൂര്‍ ടവറിലുണ്ടാവുന്നത്. ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് 21 ലക്ഷം ദിര്‍ഹം (4.9 കോടിയിലധികം ഇന്ത്യന്‍ രൂപ) മുതലാണ് വില. രണ്ട് ബെഡ് റൂം അപ്പാര്‍ട്ട്മെന്റിന് 35 ലക്ഷം ദിര്‍ഹവും (7.82 കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്ന് ബെഡ് റൂം അപ്പാര്‍ട്ട്മെന്റിന് 47 ലക്ഷം ദിര്‍ഹവും (10 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് വില. വന്‍ ഡിമാന്റ് കണ്ട് 370 കോടി ദിര്‍ഹത്തിന്റെ പ്രൊജക്ട് മൊത്തത്തില്‍ ഏറ്റെടുക്കാന്‍ തയ്യാറായും ചില ഗ്രൂപ്പുകള്‍ മുന്നോട്ടുവന്നതായി അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു.
നിരവധി റീട്ടെയില്‍, ഡൈനിങ് സെന്ററുകളും പല നിലകളിലായി നിരവധി സ്വിമ്മിങ് പൂളുകളും സ്‍പാകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍, നെറ്റ്‍വര്‍ക്ക് റൂമുകള്‍, ക്വയറ്റ് സ്‍പേസുകള്‍ എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവും ഇവിടെയെന്നും കമ്പനി അവകാശപ്പെടുന്നു.
Read also: സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ