സൗദി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് തൊഴിലുടമ

By Web TeamFirst Published Mar 25, 2021, 4:32 PM IST
Highlights

തൊഴിലാളികളുടെ ആശ്രിതരില്‍ ഏതാനും പേര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകില്ല. മറിച്ച്, ഭാര്യമാര്‍, 25 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍, ജോലി ചെയ്യാത്തവരോ വിവാഹിതരോ അല്ലാത്ത പെണ്‍മക്കള്‍ എന്നിവര്‍ക്കെല്ലാം പോളിസി എടുക്കല്‍ നിര്‍ബന്ധമാണ്.

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ ആശ്രിത വിസയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്.ഐ) വ്യക്തമാക്കി. രാജ്യത്തെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പോളിസി എടുത്താലും മതിയാകുമെന്ന് സി.സി.എച്ച്.ഐ ജനറല്‍ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

തൊഴിലാളികളുടെ ആശ്രിതരില്‍ ഏതാനും പേര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകില്ല. മറിച്ച്, ഭാര്യമാര്‍, 25 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍, ജോലി ചെയ്യാത്തവരോ വിവാഹിതരോ അല്ലാത്ത പെണ്‍മക്കള്‍ എന്നിവര്‍ക്കെല്ലാം പോളിസി എടുക്കല്‍ നിര്‍ബന്ധമാണ്. പ്രൊബേഷന്‍ പിരിയഡിലുള്ള തൊഴിലാളികള്‍ക്കും ജോലിയില്‍ പ്രവേശിച്ചത് മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. എന്നാല്‍ തൊഴിലാളി ജോലി മാറിയാല്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട ചുമതല ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ പുതിയ സ്പോണ്‍സറുടെ ഉത്തരവാദിത്തമായിരിക്കും. അതേസമയം, ഭാര്യയും ഭര്‍ത്താവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ മക്കളുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത് ഭര്‍ത്താവിന്റെ തൊഴില്‍ ദാതാവിന്റെ ചുമതലയാണ്.  
 


 

click me!