സൗദിയില്‍ വിദേശികളുടെ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അനുമതി

By Web TeamFirst Published Jan 9, 2020, 11:50 AM IST
Highlights

ആറ് മാസത്തെ പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കുന്ന തൊഴിലാളിയെ പുതിയൊരു ജോലിയിലേക്ക് നിയമിച്ചാല്‍ പ്രൊബേഷന്‍ വീണ്ടും ദീര്‍ഘിപ്പിക്കാനും കഴിയും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷം 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക അവധി ശമ്പളത്തോടെ അനുവദിക്കണം. 

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. നേരത്തെ ഇത് മൂന്ന് മാസമായിരുന്നു. എന്നാല്‍ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് തൊഴിലാളിയുടെ അനുമതി വേണമെന്ന നിബന്ധനയുമുണ്ട്.

ആറ് മാസത്തെ പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കുന്ന തൊഴിലാളിയെ പുതിയൊരു ജോലിയിലേക്ക് നിയമിച്ചാല്‍ പ്രൊബേഷന്‍ വീണ്ടും ദീര്‍ഘിപ്പിക്കാനും കഴിയും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷം 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക അവധി ശമ്പളത്തോടെ അനുവദിക്കണം. ഒരേ തൊഴിലുടമയ്ക്ക് കീഴില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 30 ദിവസമായിരിക്കും ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി. അവധികള്‍ അതാത് വര്‍ഷം തന്നെ പ്രയോജനപ്പെടുത്തണം. തൊഴിലുടമയുടെ അനുവാദത്തോടെ അവധി പൂര്‍ണമായോ ഭാഗികമായോ അടുത്ത വര്‍ഷത്തേക്ക് നീട്ടിവെയ്ക്കാം. എന്നാല്‍ അവധി ഉപേക്ഷിക്കാനോ അവധിക്ക് പകരം പണം വാങ്ങാനോ പാടില്ല. അവധിക്ക് മുന്‍പ് ജോലി ഉപേക്ഷിച്ചാല്‍ ജോലി ചെയ്ത കാലയളവ് കണക്കാക്കി അവധിക്ക് പകരം വേതനം ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ട്.

സ്വകാര്യ അവകാശങ്ങളുടെ പേരില്‍ വേതനത്തില്‍ നിന്ന് പണം പിടിക്കുന്നതിനും തൊഴിലാളിയുടെ അനുമതി വേണം. ശമ്പളത്തിന്റെ പകുതിയില്‍ കൂടുതല്‍ ഒരുകാരണവശാലും ഇങ്ങനെ പിടിക്കാന്‍ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഔദ്യോഗിക അവധി ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. പൊതു അവധികളോടനുബന്ധിച്ച് വേതനമില്ലാതെ അധിക അവധി നേടാനാവും. ഇതിന് തൊഴിലുടമയുടെ അനുമതി ആവശ്യമാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

click me!