ഭക്തിനിര്‍ഭരം; റമദാന്‍ അവസാന പത്തില്‍ മദീന പള്ളി 24 മണിക്കൂറും തുറന്നു

By Web TeamFirst Published May 4, 2021, 11:03 PM IST
Highlights

വിശുദ്ധ റമദാനിലെ ആദ്യത്തെ ഇരുപതു ദിവസത്തിനിടെ ഹറമിന്റെ കവാടങ്ങളില്‍ വെച്ച് മുപ്പതു ലക്ഷത്തിലേറെ പേരുടെ ശരീര ഊഷ്മാവ് തെര്‍മല്‍ ക്യാമറകള്‍ വഴി പരിശോധിച്ചതായി സാങ്കേതിക, സേവന കാര്യങ്ങള്‍ക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി അറിയിച്ചു.

റിയാദ്: റമദാനിലെ അവസാന പത്തില്‍ മദീനയിലെ മസ്ജിദുന്നബവി 24 മണിക്കൂറും തുറന്നിട്ടു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ശേഷം മുഴുവന്‍ സമയവും തുറക്കുന്നത് ഇതാദ്യമാണ്. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി മുന്‍കരുതല്‍ നടപടികളെല്ലാം പാലിച്ച് വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അവസാന പത്തില്‍ സേവനങ്ങള്‍ നല്‍കാന്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ ലക്ഷ്യത്തോടെ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ഖിദൈരി പറഞ്ഞു.

വിശുദ്ധ റമദാനിലെ ആദ്യത്തെ ഇരുപതു ദിവസത്തിനിടെ ഹറമിന്റെ കവാടങ്ങളില്‍ വെച്ച് മുപ്പതു ലക്ഷത്തിലേറെ പേരുടെ ശരീര ഊഷ്മാവ് തെര്‍മല്‍ ക്യാമറകള്‍ വഴി പരിശോധിച്ചതായി സാങ്കേതിക, സേവന കാര്യങ്ങള്‍ക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി അറിയിച്ചു. ഉംറ തീര്‍ഥാടകരും ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവരും ഹറമിലെ ജീവനക്കാരും അടക്കമുള്ള മുപ്പതു ലക്ഷത്തിലേറെ പേരുടെ ശരീര ഊഷ്മാവാണ് തെര്‍മല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഇരുപതു ദിവസത്തിനിടെ പരിശോധിച്ചത്. തെര്‍മല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 500 ലേറെ വിദഗ്ധ ജീവനക്കാരെ ഹറംകാര്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടകരും വിശ്വാസികളും ജീവനക്കാരും അടക്കമുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ 70 തെര്‍മല്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശാരീരിക അകലം ഉറപ്പുവരുത്തുന്നതിന് കവാടങ്ങളില്‍ ട്രാക്കുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആറു മീറ്റര്‍ അകലെ വെച്ച് തീര്‍ഥാടകരുടെ ശരീര ഊഷ്മാവ് ഏറെ കൃത്യതയോടെ പരിശോധിക്കാനും ശരീര ഊഷ്മാവ് ഉയര്‍ന്നവരെ വേഗത്തില്‍ തിരിച്ചറിയാനും തെര്‍മല്‍ ക്യാമറകള്‍ക്ക് സാധിക്കുമെന്നും മുഹമ്മദ് അല്‍ജാബിരി പറഞ്ഞു.  

 


 

click me!