സ്വകാര്യ സ്ഥാപനങ്ങളില്‍ 75 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കാന്‍ നിര്‍ദേശം; ആശങ്കയോടെ പ്രവാസികള്‍

By Web TeamFirst Published Dec 31, 2019, 11:45 AM IST
Highlights

ജോലികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും യോഗ്യതയും ഉള്ളവരെ ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ സ്വദേശികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവുമ്പോള്‍ മന്ത്രിക്ക് ഈ അനുപാതത്തില്‍ മാറ്റം വരുത്താം.

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലുള്ള ആകെ ജീവനക്കാരുടെ 75 ശതമാനവും സ്വദേശിവത്കരിക്കണമെന്ന നിര്‍ദേശത്തില്‍ ആശങ്കയോടെ പ്രവാസികള്‍. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ ഏഴ് ശതമാനമാക്കി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ശൂറാ കൗണ്‍സില്‍ സമിതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ ഉള്‍പ്പെടെ 75 ശതമാനത്തിലധികം സ്വദേശികളുണ്ടാവണമെന്നാണ് നിര്‍ദേശം. ജോലികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും യോഗ്യതയും ഉള്ളവരെ ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ സ്വദേശികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവുമ്പോള്‍ മന്ത്രിക്ക് ഈ അനുപാതത്തില്‍ മാറ്റം വരുത്താം. ശൂറാ കൗണ്‍സിലിലെ നാല് അംഗങ്ങളാണ് ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴില്‍ നിയമത്തില്‍ ഇതിനായി ഭേദഗതി വരുത്തണമെന്ന നിര്‍ദേശം കുടുംബ സാമൂഹികകാര്യ സമിതി അംഗീകരിക്കുകയും ചെയ്തു. ഇനി ഇക്കാര്യം ശൂറാ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവരും.

സ്വകാര്യ സ്ഥാപനങ്ങളുടെയും ഉന്നത തസ്തികകളില്‍ ഇനി സ്വദേശികള്‍ മതിയെന്നാണ് നിര്‍ദേശം. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികകളില്‍ ഇപ്പോള്‍ ഭൂരിപക്ഷവും വിദേശികളാണ്. ഇവിടേക്ക് കൂടുതല്‍ സ്വദേശികളെ നിയമിച്ചാല്‍ അത് സ്വദേശിവത്കരണത്തിന്റെ ആക്കം കൂട്ടും. ഉന്നത തസ്തികകളില്‍ സ്വദേശികള്‍ വരുന്നത് അവരുടെ തൊഴില്‍ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഗുണകരമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

click me!