കുവൈത്തില്‍ വിസയും ഇഖാമയും പുതുക്കാനുള്ള ഫോമുകള്‍ ഓണ്‍ലൈനില്‍ പൂരിപ്പിക്കാം

By Web TeamFirst Published Dec 31, 2019, 12:06 AM IST
Highlights

ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ-സർവീസ് നടപ്പിലാക്കിയിരിക്കുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിൽ  വിസ,  ഇഖാമ എന്നിവ പുതുക്കാൻ ഉള്ള  ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്നതിന്‍റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ്   സർവീസ്   ആരംഭിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്.   കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ലഭ്യമാകാവുന്ന തരത്തിൽ ഇംഗ്ലീഷ് അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളിൽ ഉള്ള സന്ദർശന വിസകൾ, ഇഖാമ പുതുക്കൽ എന്നിവക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം.

വ്യക്തികൾക്ക് നേരിട്ട്  തന്നെ ഇഖാമ, വിസ സംബന്ധിയായ അപേക്ഷകൾ തയ്യാറാക്കാൻ പുതിയ സംവിധാനം സഹായകമാണ്.  ഓൺലൈൻ വഴി ആണ് അപേക്ഷകളും രേഖകളും സമർപ്പിക്കേണ്ടത് .അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന റെസിപ്റ്റുമായി നിശ്ചിത ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട താമസകാര്യ ഓഫീസിലെത്തിയാൽ സേവനങ്ങൾ പൂർത്തിയാക്കാം.

റെസിഡൻസി സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴി ആക്കുന്നതിന്റെ  ആദ്യഘട്ടം എന്ന നിലക്കാണ് പുതിയ സർവീസ് ആരംഭിച്ചത് . www.moi.gov.kw എന്ന വെബ്‌സൈറ്റിൽ ഹോംപേജിലുള്ള  ഇ ഫോംസ് ഐക്കൺ  ക്ലിക്ക് ചെയ്‌താൽ പുതിയ സേവനം ലഭ്യമാകും.

click me!