സൗദിയിൽ വിദേശികളുടെ മിനിമം വേതനം ഉയർത്തണമെന്ന് നിര്‍ദേശം

By Web TeamFirst Published Dec 9, 2019, 12:58 AM IST
Highlights

വിദേശ തൊഴിലാളികളുടെ അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ ഗോസിയിൽ അടക്കേണ്ടത് നിർബന്ധമാണ്. പലപ്പോഴും വിദേശ തൊഴിലാളികളുടെ കുറഞ്ഞ വേതനമായ 400 റിയാലാണ് ചില തൊഴിലുടമകള്‍ ഗോസിയിൽ രജിസ്റ്റർ ചെയ്യുന്നത്

റിയാദ്: സൗദിയിൽ വിദേശികളുടെ മിനിമം വേതനം ഉയർത്തണമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ നിർദ്ദേശം. നിലവിൽ വിദേശികളുടെ മിനിമം വേതനം 400 നിന്ന് 800 റിയാലാക്കാനാണ് ആവശ്യം. സൗദിയിൽ ജോലിചെയ്യുന്ന വിദേശികളുടെ മിനിമം വേതനം 800 റിയാലായി നിശ്ചയിക്കണമെന്നാണ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ശൂറാ കൗൺസിലിനു സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.

നിലവിൽ വിദേശികളുടെ മിനിമം വേതനം 400 റിയാലാണ്. വിദേശ തൊഴിലാളികളുടെ അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ ഗോസിയിൽ അടക്കേണ്ടത് നിർബന്ധമാണ്. പലപ്പോഴും വിദേശ തൊഴിലാളികളുടെ കുറഞ്ഞ വേതനമായ 400 റിയാലാണ് ചില തൊഴിലുടമകള്‍ ഗോസിയിൽ രജിസ്റ്റർ ചെയ്യുന്നത്. ഗോസിയിൽ അടയ്‌ക്കേണ്ട പ്രതിമാസ വരിസംഖ്യ ലാഭിക്കുന്നതിനാണ് വിദേശികളുടെ വേതനമായി ചെറിയ തുക തൊഴിലുടമകൾ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ വിദേശ തൊഴിലാളി കൈപ്പറ്റുന്ന വേതനം ഇതിൽ കൂടുതലായിരിക്കും.

ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാൻ തൊഴിലുടമയ്ക്കു സാധിക്കുന്നു. സ്വകാര്യ മേഖലയിലെ ആകെ വിദേശ തൊഴിലാളികളുടെ 27 ശതമാനത്തിലധികം പ്രതിമാസ വേതനമായി 400 റിയാൽ രജിസ്റ്റർ ചെയ്ത വിഭാഗത്തിൽപ്പെട്ടതാണ്. 400 റിയാലിന് രജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് മാസത്തിൽ എട്ടു റിയാൽ തോതിൽ വർഷത്തിൽ 96 റിയാൽ മാത്രമാണ് ഗോസിയിൽ തൊഴിലുടമകൾ അടക്കേണ്ടത്. 

ഈ സാഹചര്യത്തിലാണ് വിദേശികളുടെ മിനിമം വേതനം ഉയർത്താൻ ഗോസി ആവശ്യപ്പെട്ടത്. ഗോസിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. 

click me!