
റിയാദ്: കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ കടുത്ത ശിക്ഷ.
സൗദി പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
വിവര വിനിമയ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമായ കുറ്റങ്ങൾക്കെതിരെ ഇൻഫർമേഷൻ ക്രൈം തടയൽ നിയമത്തിലെ ആർട്ടിക്കിൾ 1/6 പ്രകാരമുള്ള ശിക്ഷയാണ് കൊറോണ സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്ക് നൽകുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നു.
കൊറോണയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ തെറ്റായ വിവരങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉറവിടങ്ങൾ ഏതെല്ലാമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പരിശോധിച്ചുവരികയാണ്. അങ്ങനെ പരിശോധിച്ച് കണ്ടെത്തിയാൽ അതിന് ഉത്തരവാദികളെ പിടികൂടുകയും അഞ്ച് വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയോ അത് പ്രചരിപ്പിക്കുകയോ ഫോർവേഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയോ ചെയ്യുന്നവർക്ക് തുല്യമായ ശിക്ഷയാണ് ലഭിക്കുകയെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam