കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള സൗജന്യ ടിക്കറ്റ്; ബുക്കിങ് നീട്ടി ഖത്തര്‍ എയര്‍വേയ്‌സ്

By Web TeamFirst Published Feb 16, 2021, 4:21 PM IST
Highlights

2022 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്തംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

ദോഹ: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിങ് തീയതി നീട്ടി. ക്യാമ്പയിനിന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്തിട്ടും ഇതുവരെ യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ടിക്കറ്റ് ഇനിയും ഉപയോഗിക്കാം. 

2022 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്തംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. നേരത്തെ 2020 ഡിസംബര്‍ 10 വരെയുള്ള യാത്രയ്ക്കായി നവംബര്‍ 26 വരെ ബുക്ക് ചെയ്യാമെന്നാണ് അറിയിച്ചിരുന്നത്. 'താങ്ക്യൂ ഹീറോസ്' എന്ന ക്യാമ്പയിനിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി സൂചകമായാണ് സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചത്.  ഒരു ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് നല്‍കുന്നത്. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണനാക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും. പ്രമോഷന്‍ കോഡ് ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേസ് സര്‍വ്വീസ് നടത്തുന്ന ഏത് രാജ്യത്തേക്കും രണ്ട് എക്കണോമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

click me!