
ദോഹ: ഖത്തറിൽ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം ഹിജ്റ വർഷം 1447-ലെ റമദാൻ മാസത്തെ കുറിച്ചുള്ള വിവരങ്ങൾ ശനിയാഴ്ചയാണ് അധികൃതർ പുറത്തുവിട്ടത്.
ഫെബ്രുവരി 17 ചൊവ്വാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 3:02-ന് മാസപ്പിറവി (ചന്ദ്രക്കല ദർശനം) ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി അറിയിച്ചു. ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീയതിയെങ്കിലും, ഔദ്യോഗികമായ സ്ഥിരീകരണവും പ്രഖ്യാപനവും ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതിയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി.
ഇത്തവണ റമദാൻ ശൈത്യകാലത്തോട് അനുബന്ധിച്ച് വരുന്നതിനാൽ നോമ്പ് സമയം താരതമ്യേന കുറവായിരിക്കും. ദിവസേന ശരാശരി 12 മുതൽ 14 മണിക്കൂർ വരെയാകും നോന്പ് ദൈർഘ്യം. റമദാൻ 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20 വെള്ളിയാഴ്ച ആകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam