സ്കൂൾ ലൈസൻസ് പുതുക്കൽ ഇനി എളുപ്പം; സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപ സൗഹൃദ പരിഷ്കാരങ്ങളുമായി ഖത്തർ

Published : Dec 31, 2025, 10:43 AM IST
qatar education ministry

Synopsis

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലളിതമാക്കി. 

ദോഹ: ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലളിതമാക്കി. 2025-ൽ നടപ്പിലാക്കിയ ഈ പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, പേപ്പർ അടിസ്ഥാനത്തിലുള്ള മാനുവൽ അപേക്ഷകൾ ഒഴിവാക്കി, അപേക്ഷാ നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സ്കൂളുകൾ തുടങ്ങുന്നതിനും നിലവിലുള്ളവയുടെ ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനും സ്കൂൾ കെട്ടിടം മാറ്റുന്നതിനുമെല്ലാം അപേക്ഷകൾ ഇനിമുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിനായി 'അഡ്വാൻസ്ഡ് ലൈസൻസിംഗ് സിസ്റ്റം' മന്ത്രാലയം അവതരിപ്പിച്ചു. പുതിയ സംവിധാനം അനുസരിച്ച്, ഓരോ വർഷവും ലൈസൻസ് പുതുക്കേണ്ട ആവശ്യം ഒഴിവാക്കി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അഞ്ച് വർഷം വരെ കാലാവധിയുള്ള ലൈസൻസുകൾ നൽകും. സാധാരണ നിലവാരത്തിലുള്ള സ്കൂളുകൾക്ക് മൂന്ന് വർഷത്തെ ലൈസൻസും ലഭിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് പോലുള്ള രേഖകളുടെ കാലാവധി ലൈസൻസ് കാലാവധിയുമായി ഏകോപിപ്പിച്ചതിനാൽ സ്കൂൾ മാനേജ്‌മെന്റുകളുടെ ഭരണപരമായ ജോലിഭാരം ഗണ്യമായി കുറയും.

വിവിധ മുൻസിപ്പാലിറ്റികളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേക കരിക്കുലങ്ങൾക്ക് മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്. അൽ ദായീൻ മേഖലയിൽ ഇന്ത്യൻ, ഫിലിപ്പീൻ, അമേരിക്കൻ, ഫ്രഞ്ച് കരിക്കുലങ്ങൾക്കും, ദോഹ മുനിസിപ്പാലിറ്റിയിൽ സിറിയൻ പാഠ്യപദ്ധതിക്കും, അൽ വക്രയിൽ ഈജിപ്ഷ്യൻ, പാകിസ്ഥാനി, ഐ.ബി (IB), ഫിലിപ്പീൻ കരിക്കുലങ്ങൾക്കും മുൻഗണന ലഭിക്കും. കൂടാതെ, ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ അവരുടെ പ്രവർത്തനച്ചെലവുകൾ 80 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ ഇളവുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

2026–2027 അധ്യയന വർഷത്തേക്കുള്ള പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 7 ആണ്. നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ ലൈസൻസിന് അപേക്ഷിക്കാം. അപേക്ഷകന്‍ കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം. ഒപ്പം, പൂർണ ലീഗൽ കപ്പാസിറ്റിയും നല്ല റെപ്യൂട്ടേഷനും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാകരുത്. 2015-ലെ 23-ാം നമ്പർ നിയമപ്രകാരം ഖത്തരികളല്ലാത്തവർക്കും വിദേശ നിക്ഷേപകർക്കും (വ്യക്തികൾക്കോ കമ്പനികൾക്കോ) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നു. 

നിക്ഷേപകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും വിവരങ്ങളും മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമാണ്. ഖത്തറിന്റെ ദേശീയ വിഷൻ 2030-ന്റെ ഭാഗമായി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതോടൊപ്പം, വർധിച്ചുവരുന്ന ജനസംഖ്യയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ടുള്ളതാണ് നടപടി. നിലവിൽ 352 സ്വകാര്യ സ്കൂളുകൾ ഖത്തറിൽ പ്രവർത്തിക്കുന്നു. കിൻഡർഗാർട്ടൻ മുതൽ സെക്കൻഡറി വരെ 2,28,488 വിദ്യാർത്ഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ
ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം