
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഇറാനിലെ ജനവാസ കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആശങ്കയുമായി ഖത്തർ രംഗത്തെത്തിയത്. ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ പ്രത്യാഘാതമുണ്ടാക്കുമെന്നും ആഗോള ഊർജ്ജ വിപണിയെയും പ്രാദേശിക സുരക്ഷയെയും ഇത് ബാധിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ മാജിദ് ബിൻ മുഹമ്മദ് അല്‍ അന്‍സാരി മുന്നറിയിപ്പ് നല്കി. മേഖലയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ച അദ്ദേഹം, പ്രതിസന്ധികളും സംഘർഷങ്ങളും ഇനി താങ്ങാനാവില്ലെന്നും സംഘർഷം ലഘൂകരിക്കേണ്ടതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിനും വേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ ഖത്തർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയും, മേഖലയിലെ ഇതര ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയുമാണ് ഇസ്രായേൽ ചെയ്യുന്നതെന്നും വിദേശകാര്യ വക്താവ് വിമർശിച്ചു. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ, മേഖലയിലെ ഒരുകൂട്ടർ മാത്രം സമാധാന ശ്രമങ്ങൾ പരാജയപ്പെടുത്തുകയും, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം തുടരുമ്പോഴും നിലവിൽ നോര്‍ത്ത് ഫീല്‍ഡ് ഉള്‍പ്പെടെ ഖത്തറില്‍ എല്‍എന്‍ജി ഉല്പാദന കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ അടക്കം എണ്ണ, വാതക കയറ്റുമതി സാധാരണഗതിയിൽതന്നെ പ്രവർത്തനം തുടരുന്നുണ്ട്. അതേസമയം, ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസ്സിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ആഗോള സുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ ഒഴിവാക്കാനും ഇരുവരും ഫോൺ സംഭാഷണത്തിൽ ആവശ്യമുന്നയിച്ചു.
മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിന് മുൻഗണന നൽകി സംഘർഷം അവസാനിപ്പിക്കാൻ, ഇരു കക്ഷികളും ചർച്ചയിലേക്ക് തിരിച്ചെത്തണമെന്നും, ഖത്തർ അതിനുള്ള ശ്രമങ്ങൾ സജീവമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായ ഇസ്രായേലി ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായും, അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ