അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഇൻഷുറൻസ് ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയും

Published : Jan 19, 2026, 10:49 AM IST
 insurance for foreign vehicles

Synopsis

അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഇൻഷുറൻസ് ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയും. രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും വേഗത്തിലാക്കാനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്. 

ദോഹ: ഖത്തറിലെ അബു സംറ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് നടപടികൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. ഈ വർഷം ഫെബ്രുവരി 1 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും വേഗത്തിലാക്കാനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഖത്തർ ഏകീകൃത ഇൻഷുറൻസ് ബ്യൂറോ(ക്യു.യു.ബി.ഐ) 'എംസാർ'(MSAR) എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച്, അബു സംറ അതിർത്തിയിലെത്തുന്ന വിദേശ വാഹന ഉടമകൾക്ക് ഇനിമുതൽ അതിർത്തിയിലെ കൗണ്ടറുകളിൽ കാത്തുനിൽക്കാതെ, യാത്രയ്ക്ക് മുൻപുതന്നെ ഓൺലൈനായി ഇൻഷുറൻസ് എടുക്കാൻ സാധിക്കും. ഒരാഴ്ച മുതൽ ഒരു മാസത്തിൽ താഴെ വരെയുള്ള ഹ്രസ്വകാല സന്ദർശകർക്കായി ഉള്ള ഇൻഷുറൻസ് പോളിസികൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും വിതരണം ചെയ്യുക. ഹ്രസ്വകാല സന്ദർശകർക്ക് മാനുവൽ ഇൻഷുറൻസ് സേവനങ്ങൾ അതിർത്തിയിലെ കൗണ്ടറുകളിൽ നിന്ന് ഇനി ലഭ്യമാകില്ല. ഇത് ഓൺലൈനായി തന്നെ എടുക്കണം. എന്നാൽ, ദീർഘകാല (ഒരു മാസമോ അതിൽ കൂടുതലോ കാലാവധിയുള്ള) ഇൻഷുറൻസ് ആവശ്യമുള്ളവർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാമെങ്കിലും, ആവശ്യമെങ്കിൽ അതിർത്തിയിലെ നിശ്ചിത കൗണ്ടറുകളിൽ നിന്ന് നേരിട്ട് പോളിസി എടുക്കാനുള്ള സൗകര്യം തുടർന്നും ലഭ്യമാകും. ഒന്നിലധികം യാത്രകൾക്കായി സാധുതയുള്ള ദീർഘകാല പോളിസികളും പുതിയ സംവിധാനത്തിലൂടെ ലഭിക്കും.

'എംസാർ' സംവിധാനം വഴിയുള്ള ഇൻഷുറൻസ് നടപടികൾ അതിവേഗവും സുതാര്യവുമാണെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് 'എംസാർ' വെബ്‌സൈറ്റ് വഴിയോ, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ 'എംസാർ' മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ ഇൻഷുറൻസ് എടുക്കാം. പോളിസി എടുത്ത ശേഷം ഇൻഷുറൻസ് രേഖകൾ ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാനും പണമടയ്ക്കാനും 24 മണിക്കൂർ സാങ്കേതിക പിന്തുണ നേടാനും സാധിക്കും.

ഇലക്ട്രോണിക് ഇൻഷുറൻസ് എടുത്ത വാഹന ഉടമകൾക്കായി അബു സംറ തുറമുഖത്ത് പ്രത്യേക പാതകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് അതിർത്തിയിൽ കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഖത്തറിലേക്കുള്ള യാത്ര റദ്ദാക്കിയാൽ ഇൻഷുറൻസ് റദ്ദാക്കാനും പണം തിരികെ ലഭിക്കാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ (ജിസിസി) പൗരന്മാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും മെട്രാഷ് ടു ആപ്ലിക്കേഷനോ ഹയ്യ പോർട്ടലോ വഴി വാഹനത്തിന്റെ മുൻ‌കൂർ രജിസ്ട്രേഷൻ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നു. രാജ്യത്തെ പ്രധാന കര അതിർത്തിയായ അബു സംറ അതിർത്തിയെ പൂർണ്ണമായും ഇലക്ട്രോണിക് അധിഷ്ഠിത 'സ്മാർട്ട് പോർട്ടാ'ക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഇലക്ട്രോണിക് ഇൻഷുറൻസ് സംവിധാനം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന