കൊറോണ വൈറസ്: ഖത്തറില്‍ കനത്ത ജാഗ്രത, പരിശോധനയും സ്ക്രീനിങും ശക്തമാക്കി

By Web TeamFirst Published Feb 25, 2020, 11:01 PM IST
Highlights

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കി ഖത്തര്‍. 

ദോഹ: കൊറോണ വൈറസ് പല രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി ഖത്തര്‍. രാജ്യത്ത് പരിശോധനയും സ്ക്രീനിങും ശക്തമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും സ്ക്രീനിങ് സംവിധാനം തുടരുകയാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തര്‍ എയര്‍വേസും സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീനിങിന് വിധേയമാക്കുന്നത്. ഇതിനായി യാത്രക്കാരുടെ ശരീര താപനിലയിലെ വ്യത്യാസങ്ങള്‍ വരെ വളരെ ദൂരത്ത് നിന്ന് കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക തെര്‍മല്‍ ക്യാമറകളാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 

ഒരു വിമാനത്തിലെ എല്ലാ യാത്രക്കാരെയും തടസ്സങ്ങളില്ലാതെ ഒരേ സമയം സ്ക്രീനിങിന് വിധേയരാക്കാന്‍ കഴിയുമെന്ന് ദേശീയ സമിതി ചെയര്‍മാന്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. റുവൈസ് തുറമുഖത്ത് കപ്പലുകളുടെ പ്രവേശനം നിയന്ത്രിക്കുമെന്നും  രാത്രി 10 മുതല്‍ രാവിലെ ഏഴു വരെ പ്രവേശനം തടയുമെന്നും ഖത്തര്‍ പോര്‍ട്ട് മാനേജ്മെന്‍റ് കമ്പനി മവാനി ഖത്തര്‍ അറിയിച്ചു. 

click me!