
ദോഹ: വിദേശി പൗരന്മാരില്‍ ഒരു വിഭാഗത്തിന് രാജ്യത്ത് സ്ഥിരതാമസാധികാരം നല്‍കുന്നതിനുള്ള നിയമം ഖത്തര്‍ പാസാക്കി. പെര്‍മെനന്റ് റസിഡന്‍സി കാര്‍ഡുകള്‍ വഴിയാവും ഇത് നടപ്പാക്കുക. ഇത്തരം കാര്‍ഡുകള്‍ ലഭിക്കുന്നവര്‍ക്ക് ഖത്തര്‍ പൗരന്മാരുടേതിന് തുല്യമായ എല്ലാ അവകാശങ്ങളും അവസരങ്ങളും രാജ്യത്ത് ലഭിക്കും.
സര്‍ക്കാര്‍ സേവനങ്ങളും മറ്റും വിദേശികള്‍ക്ക് പൂര്‍ണ്ണമായും വിലക്കുന്ന നയമാണ് പൊതുവില്‍ ഗള്‍ഫ് രാജ്യങ്ങളുടേത്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി വിദേശികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പെര്‍മെനന്റ് റസിഡന്‍സ് കാര്‍ഡുകള്‍ നല്‍കാനും അവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം രാജ്യത്തെ പൗരന്മാര്‍ക്ക് ലഭ്യമാകുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും നല്‍കാനുമാണ് തീരുമാനമെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യു.എന്‍.എയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തില്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ മേഖലകളിലും സ്വദേശികള്‍ക്ക് ശേഷം ഇത്തരക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. രാജ്യത്ത് ഭൂമിയും മറ്റ് വസ്തുക്കളും സ്വന്തമാക്കാനും സ്വദേശികളായ പാര്‍ട്ണര്‍മാരില്ലാതെ വാണിജ്യ സംരംഭങ്ങള്‍ നടത്താനും അനുവാദമുണ്ടാകും.
ഖത്തര്‍ പൗരത്വമുള്ള സ്ത്രീകളെ വിദേശികള്‍ വിവാഹം ചെയ്താല്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍, "രാജ്യത്തിന് അവശ്യമുള്ള' തരത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, രാജ്യത്ത് സ്തുത്യര്‍ഹമായ സേവങ്ങള്‍ കാഴ്ച വെച്ചവര്‍ എന്നിങ്ങനെയുള്ളവര്‍ക്കായിരിക്കും സ്ഥിര താമസത്തിനുള്ള അനുവാദം ലഭിക്കുക. എന്നാല്‍ ഇവര്‍ക്ക് പൗരത്വം നല്‍കില്ല. പുതിയ നിയമം ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകരിച്ചിട്ടുണ്ട്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ശക്തമാക്കുമ്പോള്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലാണ് ഖത്തര്‍ ശ്രദ്ധയൂന്നുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam