യുവ അത്‌ലറ്റ് അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു

By Web TeamFirst Published Jun 27, 2021, 9:23 PM IST
Highlights

 2017ലെ 400 മീറ്റര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ മേഡലുകളും നേടിയിരുന്നു. ഹാറൂണിന്റെ വിയോഗത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മറ്റി സെക്രട്ടറി ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍ അനുശോചനം രേഖപ്പെടുത്തി.

ദോഹ: ഖത്തറിലെ പ്രമുഖ അത്‌ലറ്റും ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിസ്റ്റുമായ അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു. 400 മീറ്ററിലെ ചാമ്പ്യനായ ഇദ്ദേഹം ശനിയാഴ്ച രാവിലെ ദോഹയിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. 

ചെറുപ്രായത്തില്‍ തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഹാറൂണ്‍, ഖത്തറിന്റെ അഭിമാനമായി വളര്‍ന്ന അത്‌ലറ്റായിരുന്നു. 1997 ജനുവരി ഒന്നിന് സുഡാനില്‍ ജനിച്ച ഹാറൂണ്‍  വളരെ ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെത്തി. 2015 മുതല്‍ അതിവേഗ താരമെന്ന നിലയില്‍ ട്രാക്കില്‍ ശ്രദ്ധേയനായ ഇദ്ദേഹം, 2016 രാജ്യാന്തര ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, രാജ്യാന്തര അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ജേതാവായി.

 2017ലെ 400 മീറ്റര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ മേഡലുകളും നേടിയിരുന്നു. ഹാറൂണിന്റെ വിയോഗത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മറ്റി സെക്രട്ടറി ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍ അനുശോചനം രേഖപ്പെടുത്തി. ഖത്തര്‍ കായികലോകത്തിന് മഹാനായ താരത്തെയാണ് നഷ്ടമായതെന്ന്  ഖത്തര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ഇസ്സ അല്‍ ഹാദ്‌ല പറഞ്ഞു. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!