അബുദാബി: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും കണ്ടെത്താന്‍ കഴിയുന്ന പ്രത്യേക റഡാറുകള്‍ സ്ഥാപിച്ച് അബുദാബി പൊലീസ്. ജനുവരി ഒന്ന് മുതല്‍ ഇവ ഉപയോഗിച്ച് നിയമലംഘകരെ പിടികൂടി തുടങ്ങുമെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ മലയാളം അടക്കമുള്ള ഭാഷകളില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വന്തം സുരക്ഷയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയും ഓരോരുത്തരും ഉറപ്പാക്കണം. നിയമലംഘനങ്ങള്‍ ഒഴിവാക്കി അതിന്റെ പേരില്‍ പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ തടയണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
വെഹിക്കുലര്‍ അറ്റന്‍ഷന്‍ ആന്റ് സേഫ്റ്റി ട്രാക്കര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം തലസ്ഥാന നഗരത്തിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്‍തതാണ്. നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകൊണ്ട് പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറകള്‍, വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതുമടക്കമുള്ള നിയമലംഘനങ്ങള്‍ അപ്പപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്യും. നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് അപ്പോള്‍ തന്നെ എസ്.എം.എസ് സന്ദേശം അയച്ച് നിയമം അനുസരിക്കാന്‍ നിര്‍ദേശവും നല്‍കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam