ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ യുഎഇയില്‍, ദുബായില്‍ ഉജ്ജ്വലസ്വീകരണം

By Web TeamFirst Published Jan 11, 2019, 1:43 AM IST
Highlights

രാത്രിയോടെ ദുബായ് വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് ആളുകളാണ് ടെര്‍മിനലിന് മുന്നില്‍ കാത്തുനിന്നത്. 
 

ദുബായ്: ദ്വിദിന സന്ദര്‍ശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി യുഎഇയിലെത്തി. ദുബായില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ രാഹുൽ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തും. ദേശീയ അധ്യക്ഷന്‍റെ സന്ദര്‍ശനം  ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് യുഎഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാത്രിയോടെ ദുബായ് വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് ആളുകളാണ് ടെര്‍മിനലിന് മുന്നില്‍ കാത്തുനിന്നത്. 

രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം ഇന്ത്യയുടെയും യു.എ.ഇയുടെയും സൗഹൃദസഹിഷ്ണുതാ സന്ദേശങ്ങൾ പങ്കുവെക്കുന്ന സാംസ്കാരിക പര്യടനമായി മാറും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജൻമവാർഷിക പരിപാടികളുടെ ഭാഗമായി ഐഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്കാരിക സമ്മേളനമാണ് പൊതു ചടങ്ങ്. ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ രാഹുൽ ഗാന്ധി വിവിധ സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തും. നാളെ രാവിലെ 10 മണിക്ക് ദുബായി ജബലലി ലേബര്‍കാംപ് സന്ദര്‍ശിച്ച് തൊഴിലാളികളുമായി സംവദിക്കും. പ്രവാസികൾ നേരിടുന്ന  പ്രശ്നങ്ങളും, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാവും അതുകഴിഞ്ഞ്  ഗ്രാന്‍റ് ഹയാത്തില്‍ രാജ്യത്തെ ബിസിനസ് സമൂഹവുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്.   രാഹുലിന്‍റെ സന്ദർശനത്തോടെ പ്രവാസി ഘടകങ്ങളെ പാർലമെൻറ് തെരഞ്ഞെടുപ്പിനായി ആളുകൊണ്ടും അർഥം കൊണ്ടും സജ്ജമാക്കുകകൂടിയാണ് കെപിസിസി ലക്ഷ്യംവെയ്ക്കുന്നത്.
 

click me!