
റിയാദ്: സൗദിയിൽ വാണിജ്യ രംഗത്തുള്ള മറച്ചുവെക്കലിനെ ചെറുക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ ബിനാമി ബിസിനസ് നടത്തിയ 73 പേർ അറസ്റ്റിലായി. നട്‌സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം തുടങ്ങിയവ വിൽപ്പന നടത്തിയവരാണ് പിടിക്കപ്പെട്ടവരിൽ കൂടുതൽ. നിയമലംഘകരെ അന്വേഷണത്തിനും തുടർന്നുള്ള പിഴകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംശയാസ്പദമായ പ്രവർത്തനങ്ങൾ സംബന്ധിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം നടത്തിയ 1519 പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കുന്നതിനും കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനുമായി നട്‌സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം എന്നിവയുടെ ചില്ലറ വിൽപ്പന, ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കളുടെ കേന്ദ്ര വിപണികൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, ഷൂ സ്റ്റോറുകൾ, പലചരക്ക് കടകൾ, മറ്റ് ചില്ലറ വിൽപ്പന ശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ബിനാമി ബിസിനസ് തടയുന്നതിനുള്ള നിയമ പ്രകാരം പിടിക്കപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, നിയമവിരുദ്ധ ഫണ്ടുകൾ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ലഭിക്കും. ഒപ്പം സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, വാണിജ്യ രജിസ്റ്റർ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ നിരോധിക്കുക, വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ