
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഇന്ന് ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്.
അബുദാബിയിലും ദുബൈയിലും ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെയും ദുബൈയിൽ 22 ഡിഗ്രി സെൽഷ്യസ് വരെയും എത്താം. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ താപനില 11 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ട്.
രാത്രിയിലും ഞായറാഴ്ച രാവിലെയും ചില ഉൾപ്രദേശങ്ങളിൽ ഈർപ്പം കൂടുതലായിരിക്കും. അബുദാബിയിലും ദുബൈയിലും ഈർപ്പത്തിന്‍റെ തോത് 40 മുതൽ 90 ശതമാനം വരെയായിരിക്കും.മിതമായ വേഗതയിലുള്ള കാറ്റ് വീശും. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 10–20 കി.മീ ആയിരിക്കും. ചിലപ്പോൾ മണിക്കൂറിൽ 30 കി.മീ വരെ എത്താനും സാധ്യതയുണ്ട്.
പ്രത്യേകിച്ച് ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെ 4:40 മുതൽ 10 മണി വരെ മൂടൽമഞ്ഞ് കണക്കിലെടുത്ത് ചുവപ്പ്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച രാവിലെയും ചില ഉൾപ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam