
മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഡിസംബര്‍ 30 (ചൊവ്വാഴ്ച) വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദത്തെത്തുടർന്നാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെ മുസന്ദം ഗവർണറേറ്റിലാണ് ആദ്യമായി മഴയെത്തുന്നത്. ഇവിടെ 5 മുതൽ 10 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ വടക്കൻ ഗവർണറേറ്റുകളിലേക്കും അറേബ്യൻ കടൽ തീരത്തേക്കും വ്യാപിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ അറിയിച്ചു.
ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മുസന്ദം ഗവർണറേറ്റിലെ വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. അതിനാൽ വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ പലയിടങ്ങളിലും പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്‍റെ ഫലമായി രാജ്യത്തുടനീളം താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും അധികൃതർ വ്യക്തമാക്കി. കടലിൽ പോകുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam