യുഎഇയില്‍ വീണ്ടും മഴ; മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Oct 30, 2018, 1:00 PM IST
Highlights

ഷാര്‍ജ എയര്‍പോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ ശക്തമായ മഴപെയ്തു. ഷാര്‍ജയിലെ മറ്റിടങ്ങളിലും ദുബായിലെ പാം ഐലന്റ്, ജുമൈറ തുടങ്ങിയ പ്രദേശങ്ങളിലും അജ്മാനിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്.

അബുദാബി: ദിവസങ്ങളായി കനത്ത മഴ തുടരുന്ന യുഎഇയില്‍ ഇന്ന് രാവിലെ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചു. ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഇന്നലെ ലഭിച്ച കനത്ത മഴയില്‍ നിരവധി വാദികള്‍ നിറഞ്ഞൊഴുകുകയാണ്.

ഷാര്‍ജ എയര്‍പോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ ശക്തമായ മഴപെയ്തു. ഷാര്‍ജയിലെ മറ്റിടങ്ങളിലും ദുബായിലെ പാം ഐലന്റ്, ജുമൈറ തുടങ്ങിയ പ്രദേശങ്ങളിലും അജ്മാനിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് നേരത്തെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് രാത്രി 11 മണിവരെ കടല്‍ ക്ഷോഭത്തിനുള്ള സാധ്യതയും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ശക്തമായ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.  തണുപ്പുകാലത്തിന് മുന്നോടിയായി ലഭിക്കുന്ന മഴയാണിത്.  ഞായറാഴ്ചത്തെ കനത്ത മഴയിൽ റാസൽഖൈമയിലും ഫുജൈറയിലും നിർത്തിയിട്ട ചില വാഹനങ്ങൾ ഒലിച്ചുപോയി. റാസൽഖൈമയിലെ ജബൽ അൽ ജെയ്സ് മലനിരകളിലേക്കുള്ള ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 
 

click me!