
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചുകൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി സമയത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്.
പുതുക്കിയ പ്രവൃത്തി സമയ പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ആഴ്ചയിൽ 36 മണിക്കൂറായി ഖത്തർ തൊഴിൽ മന്ത്രാലയം കുറച്ചു. ഇതനുസരിച്ച് പ്രതിദിനം പരമാവധി ആറ് മണിക്കൂർ മാത്രമാണ് പ്രവൃത്തി സമയം. എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ഇളവ് ബാധകമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് ജീവനക്കാരുടെ ഷിഫ്റ്റുകളിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് അനുവാദമുണ്ട്. എന്നാൽ നിശ്ചയിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. നിയമം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി സമയം കുറഞ്ഞാലും ജീവനക്കാരുടെ വേതനം കുറയ്ക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
റമദാൻ മാസത്തിൽ ജീവനക്കാർക്ക് പ്രാർത്ഥനയ്ക്കും വിശ്രമത്തിനും സൗകര്യം ഒരുക്കുന്നതിനാണ് തൊഴിൽ സമയത്തിലെ ഈ മാറ്റം. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ നിശ്ചിത സമയത്തിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ, ജീവനക്കാർക്ക് നിയമപരമായ അധിക വേതനത്തിന് അർഹതയുണ്ടായിരിക്കും. അതേസമയം, ഖത്തറിലെ മന്ത്രാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും റമദാൻ മാസത്തിലെ പ്രവൃത്തി സമയം നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ പ്രതിദിനം അഞ്ച് മണിക്കൂറായിരുന്നു മന്ത്രാലയങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ പ്രവൃത്തി സമയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam