
റിയാദ്: റിയാദ്: കുട്ടനാട് സീറ്റ് സംബന്ധിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയും നടത്തിയ പരാമർശങ്ങളെ തള്ളി യുഡിഎഫ് ചെയർമാനും കേരള പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഒരു തീരുമാനവും യുഡിഎഫിൽ എടുത്തിട്ടില്ലെന്ന് അദ്ദേഹം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാട് സീറ്റ് ആർക്കെന്ന കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. അതാർക്കാണെന്ന് തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ജോസ് കെ. മാണിയുടെ പ്രസ്താവന വാസ്തവമറിയാതെയുള്ളതാണ്. കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചനയോടെ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ നേതാക്കൾ ഇത്തരം പ്രസ്താവനകളിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ആലോചിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് ഈ പരാമർശനങ്ങളെല്ലാം. വാസ്തവമറിയാതെ പ്രസ്താവനകൾ നടത്തുന്നത് നേതാക്കൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുടെ രാഷ്ട്രീയമാണ് കേരളത്തിൽ പിണറായി കളിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കി നിശബ്ദരാക്കാമെന്ന മോദിയുടെ അതേ നീചതന്ത്രമാണ് പിണറായിയും പയറ്റുന്നത്.
വി എസ്. ശിവകുമാറിനെതിരെയുള്ള കേസൊക്കെ ആ നിലയിലുള്ളതാണ്. എന്നാൽ ആ ഭയപ്പെടുത്തലൊന്നും തങ്ങളുടെ അടുത്തുവേണ്ട. അതൊന്നും വിലപ്പോവില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിൽ ഗുരുതര അഴിമതിയാണ് നടന്നിരിക്കുന്നത്. പൊലീസ് ചെയ്യുന്ന കുറ്റം പൊലീസ് തന്നെ അന്വേഷിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
അതുകൊണ്ട് തന്നെ വെടിയുണ്ട കാണാതായത് മുതൽ ആഭ്യന്തര വകുപ്പിനെതിരായ മുഴുവൻ അഴിമതി ആരോപണവും സിബിഐ അന്വേഷിക്കണം. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെ തങ്ങൾ തള്ളിക്കളയുകയാണ്. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതിന് സർക്കാർ തയാറായില്ലെങ്കിൽ അപ്പോൾ കാണാം പൂരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam