യുഎഇയില്‍ 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് നടപടി

By Web TeamFirst Published Jul 1, 2021, 11:29 PM IST
Highlights

മയക്കുമരുന്ന് കടത്തുകാരും വില്‍പനക്കാരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവ വിതരണം ചെയ്യാനായി വ്യക്തിഗത സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി റാസല്‍ഖൈമ പൊലീസ് കണ്ടെത്തിയിരുന്നു.

റാസല്‍ഖൈമ: മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു. ആന്റി നര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അബ്‍ദുല്‍ നസീര്‍ അല്‍ ഷിറാവിയാണ് ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്ന് കടത്തുകാരും വില്‍പനക്കാരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവ വിതരണം ചെയ്യാനായി വ്യക്തിഗത സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി റാസല്‍ഖൈമ പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി പ്രത്യേക ഇലക്ട്രോണിക് ഡ്രഗ് കണ്‍ട്രോള്‍ പട്രോള്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംഘമാണ് സോഷ്യല്‍ മീഡിയ വഴിയുള്ള മയക്കുമരുന്ന് കച്ചവടം പിടികൂടുന്നത്. 

നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയുമായി ചേര്‍ന്ന്  ബ്ലോക്ക് ചെയ്യുകയും അടച്ചുപൂട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരം ലക്ഷ്യങ്ങളോടെയുള്ള ഓണ്‍ലൈന്‍ ഇടപാടുകളുടെ കെണിയില്‍ കുട്ടികള്‍ വീണുപോകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. സംശയകരമായ വെബ്‍സൈറ്റുകള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ അവ പൊലീസിനെ അറിയിക്കണമെന്നും ആന്റി നര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.

click me!