യുഎഇയില്‍ പെയ്തത് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ; ക്ലൗഡ് സീഡിങ് മാത്രമല്ല കാരണം

By Web TeamFirst Published Jan 14, 2020, 1:22 PM IST
Highlights

സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നു. യുഎഇയിലും ചെറിയ തോതില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അബുദാബിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവെ മന്ത്രി ഥാനി അഹ്‍മദ് അല്‍ സിയൂദി പറഞ്ഞു.

അബുദാബി: ഈ നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ലഭിച്ചത്. എന്നാല്‍ മഴയ്ക്ക് പിന്നില്‍ ക്ലൗഡ് സീഡിങ് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നാണ് യുഎഇ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കനത്ത മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. കാലാവസ്ഥാ വ്യതിയാനം ലോകത്തെ ആകമാനം ബാധിക്കുന്നുണ്ട്. മേഖലയില്‍ മുഴുവനായി കനത്ത മഴ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നു. യുഎഇയിലും ചെറിയ തോതില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അബുദാബിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവെ മന്ത്രി ഥാനി അഹ്‍മദ് അല്‍ സിയൂദി പറഞ്ഞു. അതേസമയം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ മഴയ്ക്ക് കാരണമായിട്ടില്ലെന്ന് തീര്‍ത്തുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റും വെള്ളപ്പൊക്കവുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്.

ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായാണ് ഇപ്പോഴത്തെ കനത്ത മഴ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലൗഡ് സീഡിങ് രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഎഇ കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ശക്തമായ മഴ ലഭിച്ചത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!