Latest Videos

തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Jan 14, 2020, 12:27 PM IST
Highlights

ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമായിരുന്നു പ്രതി സുഹൃത്തിനെ കുത്തിയതെന്ന് കോടതി കണ്ടെത്തി. താമസസ്ഥലത്തുവെച്ച് പ്രതിയും സുഹൃത്തും തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാഗ്വാദവുമുണ്ടായി. ഇതിനൊടുവില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി എടുത്തുകൊണ്ടുവന്ന് സുഹൃത്തിനെ കുത്തുകയായിരുന്നു. 

അബുദാബി: വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവും 40,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ഇതുകൂടാതെ പരിക്കേറ്റ സുഹൃത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കണം. ശിക്ഷ പൂര്‍ത്തായായാല്‍ ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമായിരുന്നു പ്രതി സുഹൃത്തിനെ കുത്തിയതെന്ന് കോടതി കണ്ടെത്തി. താമസസ്ഥലത്തുവെച്ച് പ്രതിയും സുഹൃത്തും തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാഗ്വാദവുമുണ്ടായി. ഇതിനൊടുവില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി എടുത്തുകൊണ്ടുവന്ന് സുഹൃത്തിനെ കുത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞു. പല ആന്തരികാവയവങ്ങളിലും ഭേദപ്പെടുത്താനാവാത്ത പരിക്കുകള്‍ ആക്രമണത്തിലുണ്ടായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ മയക്കുമരുന്നുകളായ ഹാഷിഷും ട്രമഡോളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. വധശ്രമം, മയക്കുമരുന്ന് ഉപയോഗം, ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിരുന്നത്. നേരത്തെ അബുദാബി ക്രിമിനല്‍ കോടതി പ്രതിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷയും 40,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമെ പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും തനിക്ക് ചില മാനസിക രോഗങ്ങളുണ്ടെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മാനസിക നില പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ക്ക് മാനസിക രോഗമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ, അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറച്ചു. നഷ്ടപരിഹാരവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയിലെ മറ്റ് ഭാഗങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയുമായിരുന്നു. 

click me!