
അബുദാബി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരവെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളിലും ഈ ദിവസങ്ങളില്‍ റെക്കോര്‍ഡ് നിക്ഷേപമാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 4.96 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലെത്തിച്ചത്. രൂപയുടെ ഇടിവ് അനുഗ്രഹമാക്കുന്ന പ്രവാസികള്‍ ഇക്കുറി ഇതിന്റെ 25 ശതമാനത്തോളം അധികം തുക നാട്ടിലേക്ക് അയക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നതും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപയെ ഇനിയും താഴേക്ക് കൊണ്ടുപോകുമെന്നാണ് പ്രവചനം. എന്നാല്‍ രൂപ ഇടിഞ്ഞതിന്റെ നേട്ടം സ്വന്തമാക്കാനായി പണം കടം വാങ്ങിയും പലിശക്ക് എടുത്തും നാട്ടിലേക്ക് അയക്കുന്ന പ്രവണതയും പ്രവാസികള്‍ക്കിടയില്‍ കൂടുതലാണ്. ഇത് വലിയ കെണിയായി മാറുമെന്നാണ് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഈ വര്‍ഷം ഇതുവരെ പരമാവധി 12 ശതമാനത്തോളമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇത് സ്വന്തമാക്കാന്‍ ഇല്ലാത്ത പണം പലിശക്ക് എടുത്ത് നാട്ടിലേക്ക് അയച്ചാല്‍ ഗള്‍ഫില്‍ പിന്നീട് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിയമനടപടികളിലേക്ക് എത്താം. കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാത്ത വായ്പകള്‍ എടുക്കരുത്. ഭീമമായ പലിശ ഈടാക്കുമെന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണം അയ്ക്കലും ഒഴിവാക്കണം. എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam