ആശുപത്രിയില്‍ വെച്ച് മുഖത്തടിയേറ്റ റിങ്കുവിനെ ഓര്‍മയില്ലേ? റിങ്കു ഇപ്പോള്‍ ദുബൈയിലാണ്

By Web TeamFirst Published Oct 22, 2021, 9:41 PM IST
Highlights

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെ 2018ലാണ് റിങ്കുവിന് കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ മര്‍ദനമേറ്റത്. 

ദുബൈ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ യുവതിയുടെ മര്‍ദനമേല്‍ക്കുകയും (manhandled by a woman in a hospital) പിന്നീട് മലയാളികള്‍ ഒന്നടങ്കം പിന്തുണയുമായി എത്തുകയും ചെയ്‍ത സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരന്‍ (Rinku Sukumaran) ദുബൈയിലെത്തി. ദുബൈയില്‍ ജോണ്‍സണ്‍ ടെക്നിക്കല്‍ സര്‍വീസ് (ജെ.ടി.എസ്) എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് റിങ്കു ജോലിയില്‍ പ്രവേശിച്ചത്. ജെടിഎസിലെ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ബൈജു ചാലിയിലാണ് റിങ്കുവിന് ജോലി നല്‍കി ദുബൈയിലെത്തിച്ചത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെ 2018ലാണ് റിങ്കുവിന് കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ മര്‍ദനമേറ്റത്. ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി സ്‍കൂട്ടര്‍ വെച്ചിട്ടുപോവുകയായിരുന്നു. ഇത് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം റിങ്കു അവിടെ നിന്ന് നീക്കിവെച്ചു. ഇതില്‍ അരിശം പൂണ്ട്, ആളുകളുടെ മുന്നില്‍ വെച്ച് യുവതി റിങ്കുവിന്റെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ റിങ്കു പ്രത്യാഘാതങ്ങള്‍ ഭയന്ന് പ്രതികരിക്കാതെ മാറി നിന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്‍തു.

സംഭവത്തിന് പിന്നാലെ റിങ്കുവിന് സഹായ വാഗ്ദാനങ്ങളുമായി നിരവധിപ്പേരെത്തി. കര്‍ണാടകയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം ഫീസടയ്‍ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തിയ ശേഷം, തന്റെ ഏക ആശ്രയമായിരുന്ന അമ്മയ്‍ക്ക് താങ്ങായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയിലാണ് യുവതിയുടെ മര്‍ദനമേറ്റതും അപ്രതീക്ഷിത സംഭവങ്ങളുണ്ടായതും. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വന്ന സഹായ വാഗ്ദാനങ്ങള്‍ക്കിടയില്‍ ബൈജുവിന്റെ ജോലി വാഗ്ദാനവും റിങ്കുവിനെത്തേടിയെത്തി.

മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച ആ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴും പിന്നീട് റിങ്കുവിന്റെ അവസ്ഥ മനസിലാക്കിയപ്പോഴും  അദ്ദേഹത്തെ സഹായിക്കണമെന്ന് കരുതിയിരുന്നുവെന്ന് ബൈജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍ അമ്മയുടെ ഹൃദയ ശസ്‍ത്രക്രിയ പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ യുഎഇയിലെ ജോലി വാഗ്ദാനം സ്വീകരിക്കാന്‍ റിങ്കുവിന് അന്ന് കഴിഞ്ഞില്ല. ശസ്‍ത്രക്രിയ കഴിഞ്ഞ് പിന്നീട് റിങ്കു ബന്ധപ്പെട്ടപ്പോള്‍ ജോലിക്കായുള്ള എല്ലാ നടപടികളും താന്‍ ഇടപെട്ട് എത്രയും വേഗം പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും ബൈജു പറഞ്ഞു.

ബുര്‍ജ് ഖലീഫയിലെ മീഡിയാ സ്‍ക്രീന്‍, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ എന്നിങ്ങനെ യുഎഇയിലെ ആകര്‍ഷകങ്ങളായ കെട്ടിടങ്ങളില്‍ വെളിച്ചം വിതാനിച്ച് ശ്രദ്ധനേടിയിട്ടുള്ള സ്ഥാപനമാണ് ബൈജുവിന്റെ ജോണ്‍സണ്‍ ടെക്നിക്കല്‍ സര്‍വീസസ്. "റിങ്കുവിനെ സഹായിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. സഹജീവികളോടുള്ള അനുകമ്പ കുറഞ്ഞുവരുന്ന കാലത്ത് അത് ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും' അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

click me!